ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ വയനാട്ടില്‍ നിന്നും ഒരു ചക്ക.

52 കിലോ തൂക്കവും, 77 സെന്റീമീറ്റർ നീളവും

ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ വയനാട്ടില്‍ നിന്നും ഒരു ചക്ക.


വയനാട്: ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ വയനാട്ടില്‍ നിന്നും ഒരു ചക്ക. കണ്ണൂര്‍ കണ്ണപുരം സ്വദേശിയായ വിനോദ് കുമാറിന്റെ തവിഞ്ഞാല്‍ കാപ്പാട്ടുമലയിലെ തോട്ടത്തിലാണ് 52 കിലോ തൂക്കം വരുന്ന ചക്ക വിളഞ്ഞത്. പൂനെയിലെ 42 കിലോഗ്രാം ഭാരമുളള ചക്കയുടെ പേരിലാണ് നിലവിലത്തെ ഗിന്നസ്സ് റെക്കോര്‍ഡ്. ചക്കയുടെ ചിത്രങ്ങളും വീഡിയോയും സഹിതം ജിഡബ്ല്യൂആര്‍ അതികൃതരെ സമീപിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ വിനോദ് കുമാര്‍.

സമൂഹ മാധ്യമങ്ങളില്‍ ലോക്ക് ഡൗണ്‍ കാലമായതോടെ ചക്ക മഹാത്മ്യമാണ്. ഇതിനിടയിലാണ് ഒരു ഭീമന്‍ ചക്ക ഗിന്നസ്സ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നീങ്ങുന്നത്. മുംബൈ മലയാളിയും, കണ്ണൂര്‍ സ്വദേശിയുമായ വിനോദിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ നിന്ന് ഇന്നലെ പറിച്ച ചക്ക തൂക്കിയപ്പോള്‍ ഭാരം 52.36 കിലോഗ്രാം. കൊല്ലം അഞ്ചലില്‍ 51.5 കിലോഗ്രാം തൂക്കമുളള ചക്ക വിളഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ ഭാരം വരും തവിഞ്ഞാലിലെ ഈ ചക്കരാജാവിന്.

77 സെന്റീമീറ്ററാണ് ഭീമന്‍ ചക്കയുടെ നീളം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും മറ്റും സാന്നിധ്യത്തില്‍ ചക്കയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ് അതികൃതരെ ഔദ്യോഗികമായി സമീപിക്കാനൊരുങ്ങുകയാണ് സ്ഥലമുടക വിനോദ് കുമാറും നാട്ടുകാരും. ജിഡബ്ല്യൂആര്‍ അംഗീകരിക്കുന്ന പക്ഷം ഈ വയനാട്ടുകാരനാകും ചക്കക്കൂട്ടത്തിലെ ഒരേയൊരു രാജാവ്.