കൊവിഡ് ബാധിതരായ മൂന്നിലൊരാള്‍ക്കും തലച്ചോറില്‍ നേരിയ തകരാറുകളെന്ന് പുതിയ പഠനം

കൊവിഡ് ബാധിതരായ മൂന്നിലൊരാള്‍ക്കും തലച്ചോറില്‍ നേരിയ തകരാറുകളെന്ന് പുതിയ പഠനം


വാഷിങ്ടണ്‍: കോവിഡ് രോഗ ബാധിതരായ മൂന്നിലൊരാള്‍ക്ക് തലച്ചോറിന്റെ മുന്‍ഭാഗത്ത് ചെറിയ തോതില്‍ തകരാറുകള്‍ ഉണ്ടാവുന്നതായി പഠനം. 600-ഓളം കോവിഡ് രോഗികള്‍ക്ക് ഈ രീതിയില്‍ തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയെന്ന് യുഎസിലെ ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസര്‍ സുല്‍ഫി ഹനീഫ് പറഞ്ഞു.

കോവിഡും നാഡീസംബന്ധമായ തകരാറുകളും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്. നേരത്തേയും പഠനം നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് രോഗികളില്‍ അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളുള്ളവര്‍, സംസാരത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍, മയക്കത്തില്‍ നിന്നെഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ എന്നിവര്‍ക്ക് ഇഇജി പരിശോധന നടത്തണണെന്നും ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.

കൊറോണ വൈറസ് മൂക്കിലൂടേയോ വായിലൂടെയോ ആണ് ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. തലച്ചോറിന്റെ മുന്‍ഭാഗം ഈ വൈറസ് പ്രവേശന മേഖലയ്ക്ക് സമീപത്താണ്. അതിനാലാവാം വൈറസ് തലച്ചോറിനെ ഇത്തരത്തില്‍ ബാധിക്കുന്നത്. വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഓക്‌സിജന്‍ തോതിലുണ്ടാവുന്ന മാറ്റങ്ങള്‍, കോവിഡ് അനുബന്ധ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും തലച്ചോറിലെ തകരാറിനെ സ്വാധീനിച്ചേക്കാം. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.