ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി ഒരു ക്ഷേത്രം!

കൊല്ലം പത്തനാപുരത്ത് അച്ചന്‍കോവിലാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തെപ്പറ്റി കൂടുതലറിയാം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി ഒരു ക്ഷേത്രം!


ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി ഒരു ക്ഷേത്രം . അത്ഭുതം തോന്നുന്നുണ്ടോ ? കാര്യം ശരിയാണ്. മഴുഎറിഞ്ഞ് കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളത്തിന്റെ സുരക്ഷയ്ക്കായി ഒരു ക്ഷേത്രവും സ്ഥാപിച്ചത്രെ. കൊല്ലം പത്തനാപുരത്ത് അച്ചന്‍കോവിലാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തെപ്പറ്റി കൂടുതലറിയാം.

കേരളത്തിലെ അയ്യപ്പ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടത് സമുദ്രനിരപ്പില്‍ നിന്നും 950 മീറ്റര്‍ ഉയരത്തില്‍ കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ അയ്യപ്പ ക്ഷേത്രം കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് അയ്യപ്പ ക്ഷേത്രങ്ങളില്‍ ഒന്നാണ്. പത്‌നീസമേതനായ ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. രണ്ട് പത്‌നിമാരോടൊപ്പം ഗൃഹസ്താശ്രമം നയിക്കുന്നയാളായിട്ടാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നതെന്നാണ് വിശ്വാസം. പരശുരാമനാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടെ പ്രതിഷ്ഠ നടത്തിയതത്രെ.

അച്ചന്‍കോവില്‍ ശാസ്താവ് വിഷഹാരിയാണെന്നാണ് വിശ്വാസം. വിഷമേറ്റു വരുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കിഴക്കേ ഗോപുര നടയിലെ മണിയടിച്ച് സഹായം തേടാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇവിടുത്തെ ശാസ്താവിന്റെ കൈക്കുമ്പിളില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം തീര്‍ത്ഥത്തില്‍ ചാലിച്ചാണ് ഔഷധം തയ്യാറാക്കുന്നത്. രാത്രിയിലെ അത്താഴപൂജയ്ക്ക് ശേഷം ആവശ്യമുള്ളപ്പോള്‍ നടതുറക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

പത്തനാപുരത്തെ അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തിലെ മണ്ഡലപൂജയും രേവതി പൂജയും പുറംനാടുകളിലും ഏറെ പ്രശസ്തമാണ്. ധനുമാസത്തില്‍ മണ്ഡലപൂജയും മകരമാസത്തില്‍ രേവതി പൂജയുമാണ് നടക്കുന്നത്. മലയാളികളേക്കാള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരാണ് ഇവിടെ എത്തുന്നത്.

അയ്യപ്പനെ എഴുന്നള്ളിക്കുന്ന ഇവിടുത്തെ രഥോത്സവം ഏറെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. അയ്യപ്പനെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ നാട്ടുകാര്‍ അതിനെ തടഞ്ഞെന്നുമുള്ള ഐതിഹ്യത്തിന്റെ ചുവടുപിടിച്ചാണ് രഥോത്സവം നടത്തുന്നത്.