ഒരു യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ?

നമ്മുടെ ചുറ്റിലുമുള്ള ഓരോ സഞ്ചാരിയും ഓരോ തരക്കാരാണ്

ഒരു യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ?


നമ്മുടെ ചുറ്റിലുമുള്ള ഓരോ സഞ്ചാരിയും ഓരോ തരക്കാരാണ്. ചിലര്‍ ബീച്ചുകളിലേക്ക് യാത്ര പോകുമ്ബോള്‍ മറ്റു ചിലര്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു പോലും നോക്കില്ല. വേറെ ചിലര്‍ക്ക് കാടുകളാണ് പഥ്യം. അപ്പോഴും കുറച്ച്‌ കൂട്ടര്‍ താല്പര്യം കാണിക്കുക ട്രക്കിങ്ങും ഹൈക്കിങ്ങും ഉള്‍പ്പെടുന്ന സാഹസിക യാത്രകള്‍ക്കാണ്. ഇതിലൊന്നും പെടാത്ത കുറച്ചുപേര്‍ കൂടിയുണ്ട്. യാത്ര എന്നുകേട്ടാല്‍ മുന്നുംപിന്നും നോക്കാതെ ചാടിയിറങ്ങുന്നവര്‍. ഇങ്ങനെ ഓരോ തരത്തിലുള്ള സഞ്ചാരികളേയും നമുക്ക് യാത്രകളില്‍ കാണാം.

ഏതുതരത്തിലുള്ളവരാണെങ്കിലും യാത്ര തന്നെയാണ് എല്ലാവര്‍ക്കും മുഖ്യം. എന്നും ഒരുപോലെയുളള ജീവിതത്തില്‍ നിന്നും ഒരുമാറ്റം വേണെമന്നു തോന്നുമ്പോഴാണ് ബാഗും തൂക്കി യാത്രയ്ക്കിറങ്ങുക.

ഇതാ സാധാരണയായി നമ്മുടെ ഇടയില്‍ കാണുന്ന വ്യത്യസ്ഥ തരത്തിലുള്ള സഞ്ചാരികളെ പരിചയപ്പെടാം. ചിലപ്പോള്‍ നമ്മുടെ കൂടെയും കാണും വ്യത്യസ്ഥ ആഗ്രഹങ്ങളുള്ള സഞ്ചാരികള്‍.

 

പ്ലാന്‍ ചെയ്തു പോകുന്നവര്‍ :

ഒരു യാത്ര പോകണമെന്നു തോന്നിയാല്‍ ശടപടേന്ന് പ്ലാനിട്ട് പോകുന്നവരാണ് മിക്കവരും. എന്നാല്‍ ഇതില്‍ പെടാത്തവരുമുണ്ട്. മാസങ്ങള്‍ക്കു മുന്‍പേ പ്ലാന്‍ ചെയ്ത്, ടിക്കറ്റും ഹോട്ടല്‍ റൂമും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റുമടക്കം ബുക്ക് ചെയ്ത് പ്ലാന്‍ ചെയ്തു പോകുന്നവര്‍. എവിടെ പോകുവാനും ഇവര്‍ റെഡിയാണെങ്കിലും പ്ലാന്‍ ചെയ്തു മാത്രമേ ഇവര്‍ പോകാറുള്ളൂ.

ഫോട്ടോഗ്രാഫേഴ്സ് :

യാത്രയാണ് ഇവരുടെ പ്രധാന വിനോദമെങ്കിലും യാത്രയ്ക്കിടയിലെ ഫോട്ടോ നിമിഷങ്ങളാണ് ഇവരുടെ പ്രിയപ്പെട്ടത്. പോകുന്ന ഇടങ്ങളിലെല്ലാം പ്രിയപ്പെട്ട ക്യാമറയും തൂക്കി, അല്ലെങ്കില്‍ ഫോണും എടുത്ത് മറ്റാരും കാണാത്ത ഫ്രെയിം തേടി അലയുന്ന സുഹൃത്ത് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉറപ്പിക്കാം കൂട്ടത്തിലെ ഫോട്ടോഗ്രഫി ട്രാവലര്‍ അവരാണെന്ന്. മഴയും മഞ്ഞും വെയിലും ഉറക്കവും തുടങ്ങി വിശപ്പിനു വരെ ഇവരെ തളര്‍ത്തുവാനാവില്ല. മനസ്സിലാഗ്രഹിച്ച ഫ്രെയിം എവിടെ കിട്ടുവോ അവിടെ വരെ പോകുവാന്‍ ഇവര്‍ റെഡിയായിരിക്കും. പ്രകൃതി ദൃശ്യങ്ങള്‍ കാത്തിരുന്ന് പകര്‍ത്തി, ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഒക്കെ പങ്കുവയ്ക്കുന്നതും ഇവരുടെ വിനോദമാണ്. കൂട്ടത്തിലുള്ള ആളുകളുടെ ഫോട്ടോ എടുത്തു കൊടുക്കുന്ന ഗ്രൂപ്പ് ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറും ഇവരുതന്നെയായിരിക്കും.

ടെക്കി ട്രാവലര്‍:

ടെക്കി ട്രാവലര്‍ എന്ന പേരു നമുക്ക് പുതുമയാണെങ്കിലും ശരിക്കും ആലോചിച്ചു നോക്കിയാല്‍ നമ്മുടെ കൂടെയും ഇങ്ങനെയൊരാള്‍ കാണും. പുതിയ ഫോണോ അല്ലെങ്കില്‍ ക്യാമറയോ മേടിച്ചിട്ടുണ്ടെങ്കില്‍ അത് പരീക്ഷിക്കുവാന്‍ യാത്രകളില്‍ കൂട‌െ കൂടുന്ന സുഹൃത്താണ് ടെക്കി ട്രാവലര്‍. പ്രത്യേകിച്ച്‌ യാത്രാ സ്ഥാനങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കില്ല, മറിച്ച്‌ പുതിയ ട്രാവല്‍ ഗിയറുകളും ക്യാമറയും ഒക്കെ പരീക്ഷിക്കുവാന്‍ എവിടെ പോകുവാനും ഇവര്‍ റെഡിയായിരിക്കും.

ബാക്ക് പാക്കേഴ്സ് :

സഞ്ചാരികള്‍ അല്ലെങ്കില്‍ യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ എന്നു കേട്ടാല്‍ ആദ്യം ഓര്‍മ്മ വരുന്നവരാണ് ബാക്ക് പാക്കേഴ്സ്. വളരെ കുറഞ്ഞ ചിലവില്‍, മനസ്സിന്റെ ഇഷ്ടത്തിനനുസരിച്ച്‌, കാടും മലകളും ഒക്കെ കയറിയിറങ്ങി യാത്ര ചെയ്യുന്നവരാണ് ബാക്ക് പാക്കേഴ്സ്. ഇവര്‍ യാത്രയില്‍ ആകെ കരുതുക അത്യാവശ്യത്തിനു വസ്ത്രങ്ങളും കുറച്ചു പണവും മാത്രമായിരിക്കും. ഏതു പ്രതികൂല സാഹചര്യങ്ങളിലും ആരുടെയൊപ്പവും യാത്ര ചെയ്യുവാന്‍ ഇവര്‍ സന്നദ്ധരുമായിരിക്കും. അധികമാരും പോകാത്ത ഇടങ്ങള് തേടിപ്പിടിച്ച്‌ പോകുവാനും താല്പര്യമുള്ളവരായിരിക്കും ഇവര്‍.

പാര്‍ട്ടി ട്രാവലര്‍ :

ആഘോഷങ്ങളും അടിച്ചുപൊളിയും മാത്രമുണ്ടെങ്കില്‍ യാത്ര ചെയ്യുവാന്‍ താല്പര്യപ്പെടുന്നവരാണ് പാര്‍ട്ടി ട്രാവലേഴ്സ്. ഇവര്‍ യാത്രയില്‍ ആകെ പ്രാധാന്യം കൊടുക്കുന്നത് പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും ആയിരിക്കും. എവിടെ ചെന്നാലും അവിടുത്തെ ബെസ്റ്റ് നൈറ്റ് ക്ലബ്ബുകള്‍, പബ്ബുകള്‍ തുടങ്ങിയ ഇടങ്ങള്‍ ഇവര്‍ കണ്ടുപിടിക്കുകയും ചെയ്യും.

ഗ്രൂപ്പീസ് :

എല്ലാ യാത്രകളും പ്രിയപ്പെട്ടവര്‍ക്കൊപ്പം പോകിവാന് ആഗ്രഹിക്കുന്ന ഇവരെ തനിയെ ഒരിക്കലും കാണുവാന്‍ സാധിക്കില്ല. പുതിയ സ്ഥലങ്ങള്‍ കാണുവാന്‍ പോകുന്നതും ആളുകളെ പരിചയപ്പെടുന്നതും എല്ലാം ഇവര്‍ ഒരുമിച്ചായിരിക്കും. എവിടെ പോയാലും ഇത്തരത്തിലുള്ള ഒരു കൂട്ടത്തെ നമുക്ക് കാണാം. ഒരുമിച്ച്‌ അ‌‌ടിച്ചുപൊളിക്കുക എന്നതുമാത്രമായിരിക്കും ഇവരു‌ടെ ലക്ഷ്യം.

ബുക്ക് നോക്കി പോകുന്നവര്‍ :

കയ്യില്‍ ഒരു ഗൈഡ് ബുക്കുമായി യാത്ര ചെയ്യുന്ന ആളുകളെ കണ്ടിട്ടില്ലേ? യാത്രയിലെ എല്ലാ സംശയങ്ങള്‍ക്കും ആ ഗൈഡ് ബുക്കില്‍ നിന്നും ഇവര്‍ ഉത്തരം കണ്ടുപിടിക്കും. വഴിയില്‍ ആരോടും സംശയങ്ങള്‍ ചോദിക്കാതെ, ഇന്‍റര്‍നെറ്റിനെ ആശ്രയിക്കാതെ യാത്ര ചെയ്യുന്ന ഇവര്‍ യാത്രകളെക്കുറിച്ച്‌ വ്യത്യസ്ഥമായ കാഴ്ചപ്പാടുകളായിരിക്കും ഇവര്‍ക്കുള്ളത്. ഗൈഡ് ബുക്ക് എവിടേക്കാണേ നയിക്കുന്നത് അവിടമായിരിക്കും ഇവര്‍ക്ക് പ്രിയപ്പെട്ട ഇടം.

പരാതിക്കാരായ സ‍ഞ്ചാരികള്‍ :

വേറൊരു തരത്തിലുള്ള സഞ്ചാരികളുമുണ്ട്. എന്തു കിട്ടിയാലും തൃപ്തിയാവാതെ എല്ലാത്തിലും കുറ്റവും കുറവുകളും കണ്ടെത്തുന്നവര്‍. യാത്രകളില്‍ തങ്ങളുടെ ഇഷ്‌ടങ്ങള്‍ക്കു മാത്രം വിലകല്പിക്കുന്നവരായിരിക്കും ഇവര്‍.