ജീവിതശൈലി രോഗങ്ങൾ ; ഭാഗം 2

കച്ചവടവൽക്കരിക്കപ്പെട്ട ഭക്ഷണവും ആരോഗ്യവും

ജീവിതശൈലി രോഗങ്ങൾ ; ഭാഗം 2


 # ഭക്ഷണം  #വ്യായാമം #പൊണ്ണത്തടി


ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾക്ക് അടിമപെടുന്നതിൽ ഏറെയും നമുടെ യുവ സമൂഹമാണ്. ഇന്ത്യയിലെ കണക്കുകൾ പ്രകാരം 30 വയസിന് മുകളിൽ പ്രായമായവരിൽ 33% പേരും ഏതെങ്കിലും ഒരു ജീവിതശൈലി രോഗങ്ങൾ അനുഭവിക്കുന്നവരാണ്. അതായത് 3 ൽ ഒരാൾ രോഗി. പ്രമേഹം, അമിത രക്തസമ്മർദ്ദം, പൊണ്ണത്തടി, വിവിധ ഹോർമോൺ പ്രശ്നങ്ങൾ മുതൽ മാരകമായ കാൻസർ വരെ ഇവയിൽ പെടും.യുവാക്കളിൽ കൂടിവരുന്ന ഇത്തരം രോഗങ്ങൾക്ക് പ്രധാന കാരണം മാറിവന്ന ഭക്ഷണ സംസ്കാരവും വ്യായാമ കുറവും ആണ്. നഗരവൽകണത്തിന്റെ ഭാഗമായി ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നതും അതിവേഗം മുന്നോട്ട് കുതിക്കുന്ന സമൂഹത്തിൽ ഭക്ഷണം പാകം ചെയ്യാൻ സമയം കിട്ടുന്നില്ല അല്ലെങ്കിൽ സമയം കളയാനില്ലാ എന്ന ചിന്തയും , ഹോട്ടലുകളിൽ സുലഭവും സ്വാദിഷ്ടവും ആയി നമ്മുടെ ആഗ്രഹപ്രകാരം ഭക്ഷണം കിട്ടുന്നതും ജീവിതശൈലി രോഗങ്ങൾക്ക് മുതൽക്കൂട്ടായി.

സമൂഹത്തിൽ മാറിവന്ന സാമൂഹിക സാമ്പത്തിക പരിസ്ഥിതി കച്ചവടവൽക്കരിക്കപ്പെട്ട  ഭക്ഷണ സംസ്കാരത്തിന് തുടക്കം കുറിച്ചു. വിവിധ തരത്തിലുള്ള ഭക്ഷണ കേന്ദ്രങ്ങൾ ഉയർന്നുവന്നു, കൂടെ പലതരത്തിലുള്ള വിഭവങ്ങൾ മേശപ്പുറത്ത് അണിനിരക്കാൻ തുടങ്ങി.പുത്തൻ ജീവിതശൈലിയിൽ പുതുപുത്തൻ ഭക്ഷണ വിഭവങ്ങളും പരസ്യ വാക്കുകളുമായി ഭക്ഷണം ഒരു കച്ചവടമായി. നമ്മുടെ നാട്ടിൽ കുമിളകൾ പോലെ ഉയർന്നുവന്ന ഫാസ്റ്റ്ഫുഡ്, ചൈനീസ്, അറേബ്യൻ എന്നീ വിവിധ തരം ഭക്ഷണവും തട്ടുകടകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന കേന്ദ്രങ്ങളും ഇന്ന് സ്ഥിരം കാഴ്ചയാണ്.

        ജീവിത നിലവാരം ഉയർന്നതോടെ നമ്മൾ കൂടുതൽ പോഷകമൂല്യം അടങ്ങിയ ഭക്ഷണം കഴിക്കാൻ തുടങ്ങി പക്ഷേ അമിതമായ ആഹാരക്രമം കൂടുതൽ രോഗികളെ സൃഷിക്കുകയാണ് ചെയ്തത്. ഹോട്ടലുകളിലും ബേക്കറികളിലും വ്യതസ്ത രുചികളും  പരസ്യ വാക്കുകളിലും ആകൃഷടരായി നമ്മൾ വിശപ്പ് മാറ്റുക എന്നത് മാറി ഭക്ഷണം വയർ നിറയ്ക്കാൻ ഉള്ള ഒരു ഉപഭോഗ വസ്തുവായി പരിണമിച്ചു.വ്യത്യസ്തങ്ങളായ രുചിഭേദങ്ങൾ വർണിച്ച് ഒരുക്കി ഭക്ഷണ കേന്ദ്രങ്ങൾ ജനങ്ങളെ വരവേറ്റു. സുലഭമായ മാംസാഹാരങ്ങളും വിവിധ രാസവസ്തുക്കൾ കൊണ്ട് വ്യത്യസ്ത വർണ്ണ രുചികളിൽ മേശപ്പുറത്ത് എത്തപെട്ട  ഭക്ഷണം യുവാക്കളെയും കുടുംബങ്ങളെയും ഹോട്ടലുകളിലെ സ്ഥിരം ഉപയോക്താക്കൾ ആക്കി ഹോട്ടലുകളും ബേക്കറികളും ലാഭം കൊയ്തു. ഇത്തരം അനാരോഗ്യകരമായ ഭക്ഷണങ്ങളിൽ കൂടി അമിതമായ കൊഴുപ്പും, അമിത ഉപ്പ്, മധുരം എന്നിവ ശരീരത്തിൽ എത്തപെട്ടൂ. ശരീരത്തിൽ അമിതമായി എത്തപെട്ട കൂടിയ കലോറി ഉപയോഗിക്കാതെ ശരീരത്തിൽ തന്നെ നിക്ഷേപിക്കാൻ തുടങ്ങി, അതുവഴി പൊണ്ണത്തടി, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങൾ യുവാക്കളിൽ കൂടുകയും ചെയ്തു.

       ജീവിത നിലവാരം ഉയർന്നതും പുത്തൻ ടെക്നോളജികളും വന്നതോടു കൂടി ശാരീരിക അധ്വാനം ക്രമാതീതമായി കുറഞ്ഞു, ശരീരത്തിൽ എത്തുന്ന അമിത കലോറി ഉപയോഗത്തിന് ശേഷം കൊഴുപ്പിന്റെ രൂപത്തിൽ ശരീരത്തിൽ അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഇത് പൊണ്ണത്തടി, രക്തത്തിൽ അമിത കൊഴുപ്പ്, ഹൃദ്രോഗം, അമിത രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. ഇന്ത്യയിൽ 5% ന് മുകളിൽ പൊണ്ണത്തടിയുള്ളവർ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, 2016ലേ കണക്ക് അനുസരിച്ച് 100000 പേരിൽ 5681 പേർ  ഹൃദ്രോഗ ബാധിതർ ആണ്. അതുപോലെ തന്നെ ഇന്ത്യയിലെ മരണങ്ങളിൽ 60% ശതമാനം  മരണങ്ങളും ജീവിത ശൈലി രോഗങ്ങളോട് മല്ലിടിച്ച് മരിക്കുന്നതാണ്. അതായത് ഇന്ത്യയിൽ ആരോഗ്യ ചികിത്സാ രംഗത്ത് ഏറ്റവും കൂടുതൽ ചിലവ് വരുന്നത് ജീവിത ശൈലി രോഗങ്ങളുടെ ചികിത്സയിൽ ആണ്....

 തുടരും.......


Dr.Harikrishnan TR

BHMS, MSc Psychology, D-Yoga
ALPHA HOMOEOPATHY, DrHari's Speciality Clinic, CALICUT
7012938033