നമ്മള്‍ സുരക്ഷിതരാണ്; ഇങ്ങനെയൊരു പ്രധാന മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കീഴില്‍; മോഹൻലാൽ.

കൊറോണക്ക് എതിരെയുള്ള പ്രതിരോധത്തിലാണ് സംസ്ഥാനം.

നമ്മള്‍ സുരക്ഷിതരാണ്;  ഇങ്ങനെയൊരു പ്രധാന മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കീഴില്‍; മോഹൻലാൽ.


കൊറോണക്ക് എതിരെയുള്ള പ്രതിരോധത്തിലാണ് സംസ്ഥാനം. ഓരോ ദിവസവും ഉള്ള സംഭവങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കാറുണ്ട്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരെ മുഖ്യമന്ത്രി വിമര്‍ശിക്കാറുണ്ട്. അതേസമയം തന്നെ സംസ്ഥാനത്തെ എല്ലാ വിഭാഗം ആള്‍ക്കാരെയും കരുതലോടെ സമീപിക്കാറുമുണ്ട്. മനുഷ്യനൊപ്പം മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കണം എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമത്തിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ ഫേസ്‍ബുക്ക് കുറിപ്പ്:

മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങുമ്പോള്‍ പട്ടിണിയിലാവുന്ന വളര്‍ത്തുമൃഗങ്ങളെ , തെരുവുകളില്‍ മനുഷ്യര്‍ ഇല്ലാതാവുമ്പോള്‍ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്‍താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോള്‍ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ. ആരെയൊക്കെയാണ് മഹാമാരിയുടെ നാളില്‍ ഒരു മുഖ്യമന്ത്രി ഓര്‍ത്തെടുത്ത് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നത്!

നമ്മള്‍ ഭാഗ്യവാന്മാരാണ്. മഹാരാജ്യത്തിന്റെ സര്‍വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യര്‍ക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴില്‍, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്. പക്ഷേ, നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പൊലീസ് സേനയെ, ആരോഗ്യ പ്രവര്‍ത്തകരെ ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നു പോകുന്നു. അരുത്. അവരും നമ്മെ പോലെ മനുഷ്യരാണ്..അവര്‍ക്കും ഒരു കുടുംബമുണ്ട്. അവര്‍ കൂടി സുരക്ഷിതരാവുമ്ബോഴേ നമ്മുടെ ഭരണാധികരികള്‍ ഏറ്റെടുത്ത ഈ മഹാദൗത്യം പൂര്‍ണമാവൂ..ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു. വിവേകത്തോടെ, ജാഗ്രതയോടെ, പ്രാര്‍ത്ഥനയോടെ വീടുകളില്‍ തന്നെ ഇരിക്കു. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാന്‍ ജനാലകള്‍ തുറന്നിട്ട്.