മോഹൻലാലിനെതിരെ കേസ് എടുത്തെന്ന വാർത്ത തള്ളി മനുഷ്യാവകാശ കമ്മീഷൻ

മോഹൻലാലിനെതിരെ കേസെടുത്തു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു

മോഹൻലാലിനെതിരെ കേസ് എടുത്തെന്ന വാർത്ത തള്ളി മനുഷ്യാവകാശ കമ്മീഷൻ


കൊറോണ വൈറസ് പടർന്നു പിടിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ച ദിനത്തിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ മോഹൻലാലിനെതിരെ കേസെടുത്തു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. കമ്മിഷൻ‌ പിആർഒ പുറത്തുവിട്ട പത്രക്കുറിപ്പിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു.

സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.’ – എന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. ജനത കർഫ്യൂ ദിനം വൈകുന്നേരം അഞ്ചുമണിക്ക് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിനുവേണ്ടി കൈകൾ അടിച്ചും പാത്രങ്ങൾ കൂട്ടിയിടിച്ചു ശബ്ദം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങൾ ഇതിനെ അനുകൂലിച്ച് പ്രവർത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പേരിൽ കേസുണ്ട് എന്ന രീതിയിൽ വ്യാജവാർത്തകൾ പ്രചരിച്ചത്.