സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്ന് കുട്ടി കടലില്‍ വീണു മരിച്ചു

സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്ന് കുട്ടി കടലില്‍ വീണു മരിച്ചു


ആലപ്പുഴ: ബീച്ചില്‍, സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നു വഴുതി തിരയില്‍പ്പെട്ടു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടില്‍ ലക്ഷ്മണന്‍-അനിത (മോളി) ദമ്ബതികളുടെ മകന്‍ ആദികൃഷ്ണയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45നായിരുന്നു സംഭവം. കോസ്റ്റ്ഗാര്‍ഡ് പൊലിസ്, ലൈഫ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു.

തൃശൂര്‍ ചുവന്നമണ്ണ് പൂവന്‍ചിറയിലുള്ള തന്റെ വീട്ടിലെത്തി സഹോദരന്റെ കല്യാണത്തില്‍ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടടെ വീട്ടിലെത്തിയതായിരുന്നു അനിതയും മക്കളും. കടല്‍ കാണിക്കാന്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിനുവാണ് അനിതയെയും മക്കളായ അഭിനവ് കൃഷ്ണന്‍, ആദി കൃഷ്ണന്‍, സഹോദര പുത്രനായ ഹരികൃഷ്ണന്‍ എന്നിവരെ കാറില്‍ കൊണ്ടുപോയത്.

ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയസമയത്ത് അനിതമോള്‍ കുട്ടികളുമായി തീരത്തേക്കു പോയി സെല്‍ഫി എടുക്കുന്നതിനിടെ നാലുപേരും തിരയിലകപ്പെടുകയായിരുന്നു. കൂട്ടക്കരച്ചില്‍ കേട്ടെത്തിയ ബിനു അനിതമോളെയും മൂത്തകുട്ടിയെയും സഹോദരന്റെ മകനെയും രക്ഷിച്ചെങ്കിലും ആദികൃഷ്ണയെ കണ്ടെത്താനായില്ല.