'അനുവാദം ചോദിച്ച്‌ മാത്രം വീട്ടിലേക്ക് വരിക'; അനശ്വര രാജൻ

'അനുവാദം ചോദിച്ച്‌ മാത്രം വീട്ടിലേക്ക് വരിക'; അനശ്വര രാജൻ


ഇത് കോവിഡ് കാലമാണെന്നും അതിനാല്‍ തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ വരുന്ന ആരാധകരോട് ശ്രദ്ധിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടി അനശ്വര രാജന്‍. കോവിഡിന്റെ സാഹചര്യത്തില്‍ അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് മാത്രമല്ല, അങ്ങനെ കടന്നുവരുന്നത് അവരുടെ വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര പറയുന്നു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നാം ബോധവാന്മാര്‍ ആകേണ്ടതുണ്ടെന്നും അനശ്വര ഓര്‍മിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.


ഇംഗ്ലീഷിലാണ് ഇക്കാര്യം അനശ്വര തന്റെ ആരാധകരെ ഓര്‍മിപ്പിക്കുന്നത്. ഇത് മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത് തരുമോ ദയവായി, എന്ന് ഒരു ആരാധകനും ചോദിക്കുന്നുണ്ട്.

അനശ്വര രാജന്റെ കുറിപ്പ്,

'എന്നെ കോണ്ടാക്‌ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരോട് ഒരു വാക്ക്!

നിങ്ങള്‍ എനിക്ക് നല്‍കുന്ന സ്‌നേഹത്തെയും ഊഷ്മളതയെയും ഞാന്‍ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാന്‍ എന്റെ കഴിവിനൊത്ത് ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, നിങ്ങളില്‍ ചിലര്‍ മുന്‍കൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്. എന്റെ വാതിലില്‍ മുട്ടുന്നതിന് മുന്‍പ് ഞാന്‍ അവിടെയുണ്ടോ എന്നും വീട്ടിലേക്ക് വരുന്നതിന് എന്റെ അനുവാദം വാങ്ങിയിരുന്നോ എന്നും നിങ്ങള്‍ പരിശോധിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഇപ്പോള്‍ സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാന്‍ പറഞ്ഞുതരേണ്ടതില്ലല്ലോ. യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും എനിക്ക് മനസിലാക്കാന്‍ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാന്‍ മനസിലാക്കുന്നു.

പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ കൃത്യമായ മാര്‍ഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നത് അതില്‍ പ്രാധാനമാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെ നിങ്ങള്‍ ചെയ്യുന്നത് വഴി അപകടത്തില്‍പ്പെടാന്‍ സാദ്ധ്യതയുള്ള കുടുംബാംഗങ്ങള്‍ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയില്‍ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത!'