എച്ച്‌.ഐ.വി മരുന്ന് ഉപയോഗിച്ച്‌ ചികിത്സച്ചു; കൊച്ചിയില്‍ പരിശോധനാഫലം നെഗറ്റീവ്.

മാര്‍ച്ച്‌ 23 ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

എച്ച്‌.ഐ.വി മരുന്ന് ഉപയോഗിച്ച്‌ ചികിത്സച്ചു; കൊച്ചിയില്‍  പരിശോധനാഫലം നെഗറ്റീവ്.


കൊച്ചി: കോവിഡ് സ്ഥിരീകരിച്ച്‌ എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എച്ച്‌.ഐ.വി ചികിത്സയക്ക് ഉപയോഗിക്കുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നല്‍കിയത്. മരുന്ന് നല്‍കി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ തന്നെ ഫലം നെഗറ്റീവായി. മാര്‍ച്ച്‌ 23 ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

മൂന്നാറില്‍ ക്വാറന്റീനിലായിരിക്കെ അനധികൃതമായി നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ബ്രിട്ടീഷ് ടൂറിസ്റ്റിനെ ആരോഗ്യ വകുപ്പ് കണ്ടെത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.ഇദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് 6 പേരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുന്‍കയ്യെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. തുടര്‍ന്ന് ചികിത്സയുടെ പ്രോട്ടോക്കോള്‍ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്‌കരിക്കുകയായിരുന്നു

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹന്‍, ഡോ.ഗീത നായര്‍ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്.

ഇന്ത്യയില്‍ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രി കഴിഞ്ഞാല്‍ ഇവിടെ മാത്രമാണ് Ritonavir, lopinavir എന്നിവ കോവിഡ് ചികിത്സയില്‍ ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചൈനയിലെ വുഹാനിലും ഇവ പരീക്ഷിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയുടെ സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവാണ്.