കൊലപാതകക്കേസിൽ സയനൈഡ്‌ മോഹന് നാലാമത്തെ വധശിക്ഷ

പലകേസുകളിലായി ഇയാൾക്ക് 13 ജീവപര്യന്തം ശിക്ഷ വേറെയുമുണ്ട്

കൊലപാതകക്കേസിൽ സയനൈഡ്‌ മോഹന്  നാലാമത്തെ വധശിക്ഷ


 മംഗളൂരു : വിവാഹവാഗ്ദാനം നൽകി യുവതികളെ മാനഭംഗപ്പെടുത്തി സയനൈഡ് നൽകി കൊന്ന് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി  കന്യാന സ്വദേശി മോഹൻകുമാറിന്‌ (സയനൈഡ് മോഹൻ-56) വധശിക്ഷ. നാലാമത്തെ വധശിക്ഷയാണിത്. 17-ാമത്തെ കേസിലാണ് ഈ വിധി. പലകേസുകളിലായി 13 ജീവപര്യന്തം ശിക്ഷ വേറെയുമുണ്ട്.


ബണ്ട്വാൾ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റായ ശശികലയെ(26) കൊലപ്പെടുത്തിയ കേസിലാണ് ആറാം അഡീഷണൽ ജില്ലാ സെഷൻസ്‌ ജഡ്ജി സയ്യിദുന്നീസ വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകൽ, മാനഭംഗം, കൊലപാതകം, വിഷം കുടിപ്പിക്കൽ, ആഭരണങ്ങൾ കവരൽ, വഞ്ചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളിലാണ് വധശിക്ഷ. 2005-ലാണ് മോഹൻ 17-ാം കൊലപാതകം നടത്തിയത്. ബി.സി.റോഡ് ബസ് സ്റ്റാൻഡിൽനിന്ന് പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നൽകി മോഹൻ അടുപ്പം സ്ഥാപിച്ചു. തുടർന്ന് ഒക്ടോബർ 21-ന് വിവാഹത്തിനെന്നുപറഞ്ഞ് ബെംഗളൂരുവിലേക്കു കൊണ്ടുപോയി. ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുത്ത് ശാരീരികബന്ധത്തിലേർപ്പെട്ടശേഷം പിറ്റേന്നുരാവിലെ ബസ് സ്റ്റാൻഡിലെത്തി. ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നുപറഞ്ഞ് സയനൈഡ് ഗുളിക നൽകി. ഗുളിക കഴിച്ചയുടൻ യുവതി കുഴഞ്ഞുവീണുമരിച്ചു. മോഹൻകുമാർ മുറിയിൽ തിരിച്ചെത്തി യുവതിയുടെ ആഭരണങ്ങളുമായി നാട്ടിലേക്കു മടങ്ങി. തിരിച്ചറിയാത്തതിനെത്തുടർന്ന്‌ യുവതിയുടെ മൃതദേഹം അഞ്ചുദിവസത്തിനുശേഷം പോലീസ് സംസ്കരിക്കുകയും ചെയ്തു. വിനോദയാത്രയ്ക്കെന്നുപറഞ്ഞ്‌ പോയ യുവതി തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ മംഗളൂരു കൊണാജെ പോലീസിൽ പരാതി നൽകി.

Also Read : വാളയാര്‍ പെണ്‍കുട്ടിയുടെ പീഡനക്കേസ്: പ്രതികളെ വെറുതെവിട്ടു.

 

2009 സെപ്‌റ്റംബർ 21-ന് മറ്റൊരു കേസിൽ പിടിയിലായതോടെയാണ് ശശികലയടക്കം 20 യുവതികളെ ഇയാൾ സമാനരീതിയിൽ കൊലപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. ശശികലയെ കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കായി 41 സാക്ഷികളെയും 67 രേഖകളും കോടതിയിൽ ഹാജരാക്കി. ജൂഡിത് ഒ.എം. ക്രസ്റ്റയാണ് പബ്ലിക് പ്രോസിക്യൂട്ടർ. ബണ്ട്വാൾ സ്വദേശികളായ വാമനപദവിലെ ലീലാവതി(32), ബരിമാറിലെ അനിത(22), സുള്ള്യ പെരുവാജെയിലെ സുനന്ദ(25) എന്നിവരെ കൊന്ന കേസുകളിലാണ് മോഹൻകുമാറിന് മുമ്പ് വധശിക്ഷ ലഭിച്ചത്.