ഫായിസിന്‍റെ വീഡിയോ ഏറ്റെടുത്ത് ട്രോളന്‍മാര്‍

നിരവധി ട്രോളുകളാണ് ഈ സംഭാഷണം ഉള്‍പ്പെടുത്തി ഇതിനോടകം പുറത്തുവന്നിട്ടുള്ളത്

ഫായിസിന്‍റെ വീഡിയോ ഏറ്റെടുത്ത് ട്രോളന്‍മാര്‍


കൊണ്ടോട്ടി : രണ്ടുദിവസമായി മലയാളികളുടെ ഇടയിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന വീഡിയോകളിൽ ഒന്നാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്‍റെ പൂവ് നിര്‍മാണം. വീട്ടിലിരുന്ന് മിനിട്ടുകൾ കൊണ്ട് പൂവുനിര്‍മിക്കുന്ന വിദ്യയാണ് ഫായിസ് വീഡിയോയിലൂടെ പഠിപ്പിക്കാൻ നോക്കിയത്. വീട്ടിലെ മുറിയില്‍ വെച്ച് പൂവ് നിര്‍മിക്കുന്ന വിദ്യ പഠിപ്പിക്കുന്ന ഫായിസ് വളരെ ആത്മവിശ്വാസത്തോടെ തന്നെ പൂവ് നിര്‍മിക്കാന്‍ ആരംഭിക്കുന്നതും വേണ്ടത്ര രീതിയില്‍ വിജയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ വാക്കുകള്‍ കൊണ്ട് പരാജയത്തെ മറികടക്കുന്ന നിഷ്കളങ്ക വീഡിയോ വലിയ രീതിയില്‍ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. ട്രോളൻമാരുടെ ഇടയിൽ തന്നെ തരംഗം തീർത്തിരിക്കുയാണ്.

ജൂലൈ 22ന് ചിത്രീകരിച്ച വീഡിയോ പിന്നീട് കുടുംബ ഗ്രൂപ്പുകളില്‍ നിന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫായിസിന്‍റെ വീഡിയോയിലെ ഹിറ്റായി മാറിയ ഡയലോഗ് 'ചെലര്ത്  റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇന്‍റത് റെഡ്യായീല, ഇന്‍റത് വേറെ മോഡലാ വന്നത്. അങ്ങനായാല്‍ ഞമ്മക്കൊരു കൊയപ്പീല്യ'- എന്നത് ഇപ്പോള്‍ ട്രോളന്‍മാര്‍‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ട്രോളുകളാണ് ഈ സംഭാഷണം ഉള്‍പ്പെടുത്തി ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. പലതും വലിയ രീതിയില്‍ തന്നെ ആളുകള്‍ ഏറ്റെടുത്തിട്ടുമുണ്ട്.

 ഫേസ്ബുക്കിലും വാട്സാപ്പിലും ലക്ഷങ്ങൾ പങ്കുവെച്ച വീഡിയോ കണ്ടശേഷം നിരവധിപേരാണ് ഫായിസിനെ വിളിച്ച് അഭിനന്ദിച്ചത്. ചിലർ സമ്മാനവുമായി കാണാൻ വരാമെന്ന് വാഗ്ദാനവും നല്‍കിയിട്ടുണ്ട്.

വീഡിയോ കാണാം