യാത്ര ചെയ്യുമ്പോഴുള്ള ഛർദ്ദി എങ്ങനെ ഒഴിവാക്കാം.

ലോകത്തുള്ള ഭൂരിഭാഗം ആളുകൾക്കും മിക്കപ്പോഴും യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളിലൊന്നാണ്ഛർദ്ദി.

യാത്ര ചെയ്യുമ്പോഴുള്ള ഛർദ്ദി എങ്ങനെ ഒഴിവാക്കാം.


ലോകത്തുള്ള ഭൂരിഭാഗം ആളുകൾക്കും മിക്കപ്പോഴും യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളിലൊന്നാണ് ഇത്. ചിലർക്ക് മനംപിരട്ടൽ മാത്രമാകും അനുഭവപ്പെടുക. മറ്റ് ചിലർക്ക് ഇതിനോടൊപ്പം തളർച്ചയും, തലവേദനയും, ഛർദ്ദിയും, വയറുവേദനയും, ഒക്കെ അനുഭവപ്പെടുന്നതും കാണാറുണ്ട്. motion sickness എന്ന ശാസ്ത്രീയ നാമത്തിലാണ് ഇവയൊക്കെ അറിയപ്പെടുന്നത്. എങ്ങനെയാണ് ഒരാളുടെ ശരീരത്തിൽ ഇത് ഉണ്ടാവുന്നത് എന്ന് നമുക്ക് ഒന്ന് നോക്കാം.

എന്തുകൊണ്ട് ഒരു വ്യക്‌തി യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കുന്നു.
 
മനുഷ്യശരീരത്തിലെ പ്രധാന ഇന്ദ്രിയങ്ങളായ കണ്ണും ചെവിയും കൂട്ടുചേർന്നുകൊണ്ട് തലച്ചോറിലുണ്ടാക്കുന്ന ചെറിയൊരു കൺഫ്യൂഷനാണ് ഇതുണ്ടാകാനുള്ള കാരണം. ഉദാഹരണത്തിന് നമ്മൾ ഇപ്പോഴൊരു കാറിൽ സഞ്ചരിക്കുകയാണെന്ന് കരുതുക ഈ സമയത്ത് നമ്മുടെ ചെവി തലച്ചോറിന് നല്‍കുന്ന സന്ദേശം കാര്‍ ചലിച്ചുകൊണ്ടിരിക്കുന്നു എന്നായിരിക്കും. ഇതേസമയം നമ്മുടെ കണ്ണുകൾ കാറിനുള്ളിലെ ഏതെങ്കിലുമൊരു ഭാഗത്തോ, അല്ലെങ്കിൽ നമ്മുടെ കൈയ്യിലിരിക്കുന്ന ഏതെങ്കിലും വസ്തുവിലോ, ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കണ്ണുകള്‍ തലച്ചോറിനോട് പറയും. "ഇതെല്ലാം നിശ്ചലാവസ്ഥയിലാണ്..." എന്ന്! തലച്ചോറില്‍ എത്തുന്ന ഈ രണ്ട് സന്ദേശങ്ങളും പരസ്പരവിരുദ്ധമായതിനാൽ ഇതിൽ ഏതെങ്കിലുമൊന്ന് തനിക്ക് തോന്നുന്ന വിഭ്രാന്തിയാണന്ന് തലച്ചോറിന് വിശ്വസിക്കേണ്ടി വരുന്നു. ശരീരത്തിനുള്ളിൽ ഏതെങ്കിലും തരത്തിൽ വിഷം കടന്നുകൂടിയതിനാലായിരിക്കാം തനിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന മിഥ്യാധാരണയിൽ എത്തിച്ചേരുന്ന തലച്ചോറ് ഇതിനെ പുറന്തള്ളാനായി കണ്ടെത്തുന്ന മാർഗ്ഗമാണ് ഈ ഛർദ്ദിയും മനംപുരട്ടലുമൊക്കെ.
എല്ലാംകൂടി ചേർത്ത് ചുരുക്കിപ്പറഞ്ഞാൽ മസ്തിഷ്കത്തെ കബളിപ്പിക്കാനായി നമ്മുടെ ശരീരം വച്ച ചെറിയൊരു പണിക്ക് തലച്ചോറ് തിരിച്ചൊരു മറുപണി കൊടുക്കുന്നു. അത്രയേ ഉള്ളൂ.
യാത്ര ചെയ്യുമ്പോൾ ഉണ്ടാകാനിടയുള്ള ശരീരത്തിന്റെ അസ്വാസ്ഥ്യങ്ങൾ ഒഴിവാക്കാനായി നമുക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാമെന്നു നോക്കാം.
 
ആഹാരത്തിൽ അല്‌പം ശ്രദ്ധിക്കാം:
യാത്ര ചെയ്യുമ്പോഴും അതിന്‌ തൊട്ടുമുമ്പും കഴിക്കുന്ന ആഹാരക്രമങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തിയാൽ ഒരു പരിധിവരെ നമുക്ക് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകും. കട്ടി കൂടിയതും, എരിവുള്ളതും കൊഴുപ്പ്‌ നിറഞ്ഞതുമായ ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കാൻ ശ്രമിക്കാം. മിതമായി ആഹാരം കഴിച്ച ശേഷം മാത്രം യാത്ര ചെയ്യാം.

എതിർദിശയിലേയ്ക്ക് നോക്കാതിരിക്കുക:
നിങ്ങൾ യാത്ര ചെയ്യുന്ന ഭാഗത്തിന്റെ എതിര്‍ ദിശയിലേക്ക്‌ നോക്കി ഇരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നോക്കിയിരിക്കുമ്പോൾ കണ്ണുകൾ വീണ്ടും വീണ്ടും നിശ്ചലമാകാൻ അനുവദിക്കുയാണ് ചെയ്യുന്നത്.
 
ഇവയിലേതെങ്കിലും കയ്യിൽ കരുതാം:
നാരങ്ങ, ഇഞ്ചി, പുതിനയില തുടങ്ങിയവയിൽ ഏതെങ്കിലുമൊക്കെ നമ്മുടെ യാത്രകളിൽ എപ്പോഴും കരുതാം. ഛർദ്ദിക്കാൻ തോന്നുമ്പോൾ ഇതിന്റെ ഏതെങ്കിലും മണം എടുക്കുന്നത് ഛർദ്ദിക്കാൻ ഉള്ള തോന്നലിനെ എടുത്ത് മാറ്റും.
 
ശ്രദ്ധയൊന്നു മാറ്റാം:
ചലിക്കാത്ത വസ്‌തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഒരേ ബിന്ദുവില്‍ തന്നെ നോക്കി നിൽക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കുക.
 
യാത്ര ആസ്വദിക്കാം:
ഇതിനേക്കാളൊക്കെ ഉപരിയായി ചെയ്യുന്ന ഓരോ യാത്രയും ഹൃദ്യമായി ആസ്വദിക്കാൻ ശ്രമിക്കുക. ആത്മവിശ്വാസമുള്ള ഒരു മനസ്സിന് ശരീരത്തിന്റെ അസ്വസ്ഥതകളെ എളുപ്പത്തിൽ കീഴടക്കാനാകും.