ലോക്ക്ഡൗണ്‍ ലംഘിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് പിഴ

ലോക്ക്ഡൗണ്‍ ലംഘിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് പിഴ


കോവിഡ് 19 പടരുന്നത് തടയാന്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷി ധവാന് പിഴയടക്കേണ്ടി വന്നു. 

ഹിമാചല്‍ പ്രദേശ് ക്രിക്കറ്ററായ ധവാന്‍ കഴിഞ്ഞ ദിവസം വാഹനം പുറത്ത് കൊണ്ടു പോകുമ്ബോള്‍ കൈവശമുണ്ടാകേണ്ട വാഹന പാസ് അദ്ദേഹത്തിന്റെ കൈവശം ഇല്ലാാതെ തന്റെ കാറില്‍ ബാങ്കിലേക്ക് പോകുന്നതിനിടെയാണ് പോലീസ് തടഞ്ഞത്. ഇതിനെത്തുടര്‍ന്ന് താരത്തിന് 500 രൂപ പോലീസ് പിഴയീടാക്കി. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ അദ്ദേഹം പിഴത്തുക അടച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് റിഷി ധവാന്‍. 2016 ല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അവസരം ലഭിച്ചിരുന്നു. 3 ഏകദിനങ്ങളിലും, ഒരു ടി20 മത്സരത്തിലുമാണ് റിഷി ദേശീയ ടീമിന് വേണ്ടി ജേഴ്‌സിയണിഞ്ഞിട്ടുള്ളത്.