ഇറക്കുമതിയുടെ കാലം കഴിഞ്ഞു,100 രാജ്യങ്ങളിലേക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കയറ്റിയയച്ച്‌ ഇന്ത്യ, പിന്നില്‍ പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി

ഇറക്കുമതിയുടെ കാലം കഴിഞ്ഞു,100 രാജ്യങ്ങളിലേക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കയറ്റിയയച്ച്‌ ഇന്ത്യ, പിന്നില്‍ പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി


ഇതുവരെ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ പുറം രാജ്യങ്ങളിലേക്ക് കയറ്റിയയയ്ക്കാന്‍ ആരംഭിച്ച്‌ ഇന്ത്യ. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 100 രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഈ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ കയറ്റിയയയ്ക്കുന്നത്. ഇതോടെ സ്വന്തം ഗുണനിലവാര മാനദണ്ഡം അനുസരിച്ചുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ കയറ്റിയയക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇക്കാര്യത്തില്‍ യു.കെ, അമേരിക്ക, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് ഒപ്പമുള്ളത്. ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആണ് രാജ്യത്തിന് അഭിമാനം നല്‍കുന്ന ഈ വിവരം പുറത്ത് വിട്ടത്. ധരിക്കുന്നയാളിന് 360 ഡിഗ്രി ശാരീരിക സുരക്ഷ സാധ്യമാക്കുന്ന ഇന്ത്യയുടെ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നത് ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആണ്.
ഇത്തരത്തില്‍ 20,000ത്തില്‍ പരം ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഗുണനിലവാരം ബി.ഐ.എസ് നിശ്ചയിക്കുന്നുണ്ട്. 2018 ഡിസംബറിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും നീതി ആയോഗിന്റെയും നിര്‍ദ്ദേശ പ്രകാരം ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ഗുണനിലവാരം നല്‍കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് എ.കെ 47 യന്ത്രത്തോക്കുകളില്‍ നിന്നുമുള്ള വെടിയുണ്ടകള്‍ വരെ ചെറുക്കാനുള്ള ശേഷിയുണ്ട്. മാത്രമല്ല കൃത്യമായ ഭാരവിതരണവും വഴക്കവുമുള്ള ഈ ജാക്കറ്റുകള്‍ ഏത് ശരീരപ്രകൃതിയുള്ളവര്‍ക്കും ധരിക്കാവുന്നതുമാണ്. ഇനി നിര്‍മിക്കുന്ന ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളും ഇതേ നിലവാരം അനുസരിച്ചാകും നിര്‍മിക്കുക.