വെറുപ്പിൻറെ അന്താരാഷ്ട്രീയം

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

വെറുപ്പിൻറെ അന്താരാഷ്ട്രീയം


വെറുപ്പിൻറെയും വാശിയുടെയും പ്രതികാരത്തിൻറെയും രാഷ്ട്രീയത്തിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. സാമ്രാജ്വത്വശക്തികളുടെ ഭരണകാലത്ത് ഭൂമി പിടിച്ചടക്കലുകൾക്കായിരുന്നു പ്രാമുഖ്യമെങ്കിൽ, ഇന്നത് വിപണി പിടിച്ചടക്കുക എന്നതിലേക്ക് പരിവർത്തനം ഭവിച്ചു എന്ന് മാത്രം. ഈ കൊറോണക്കാലത്തും കിടമത്സരങ്ങൾക്ക് ഒരു കുറവും ലോകത്തു വന്നിട്ടില്ല എന്നുള്ളത് പലയാവർത്തി സാധാരണക്കാരായ നമുക്കെല്ലാം മനസ്സിലായതുമാണ്. രണ്ടു പ്രമുഖലോകരാഷ്ട്രങ്ങൾ തമ്മിലുണ്ടായ ശീതയുദ്ധത്തിൻറെ ഉപോല്പന്നമായി തന്നെ ലോകം മുഴുവൻ ഒരു മഹാമാരിയെ കാണുമ്പൊൾ പോലും, അതുമൂലമുണ്ടായ നാശനഷ്ടങ്ങൾ വെളിവുണ്ടായിട്ടും, ഇതേ വരെ ശീതയുദ്ധത്തിനു ഒരു ശമനവും കാണുന്നില്ല എന്ന് മാത്രമല്ല, ഇതിൽ  തങ്ങളുടെ തെറ്റ് കൂടിയുണ്ട് എന്ന ലാഞ്ചനപോലുമില്ലാതെയാണ് ഇപ്പോളും രണ്ടുകൂട്ടരും.

മേല്പറഞ്ഞ പല ശീതയുദ്ധങ്ങളും തെരുവിലേക്ക് എത്തുന്ന സ്ഥിതിയാണ് ഇപ്പോൾ നമ്മളൊക്കെ കാണുന്നത്. മുൻപൊരിക്കൽ ഇതേ പംക്തിയിൽ പറഞ്ഞത് പോലെ, അമേരിക്കയുടെ വുഹാൻ വൈറസ് പ്രയോഗവും, ഹൈഡ്രോക്ക്സിക്ലോറോക്വിൻ യുദ്ധവും, ജർമനിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടതും, ഓസ്ട്രിയലിയയിടെയും ന്യൂസീലാൻഡിന്റെയും സമഗ്രാന്വേഷണാവശ്യവുമെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ  ഈ വെറുപ്പിൻറെയും വിദ്വെഷത്തിൻറെയും രാഷ്ട്രീയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊറോണക്ക് ശേഷം ലോകം നേരിടാൻ പോകുന്ന മൂന്നു കാര്യങ്ങളെകുറിച്ച വിദഗ്ധർപറയുന്നതിൽ ഒന്നാമത്തേത് ആഗോളസാമ്പത്തിക മാന്ദ്യവും, രണ്ടാമത്തേത് സാമ്പത്തികമാന്ദ്യത്തെ തുടർന്നുണ്ടാകാവുന്ന വെറുപ്പിൻറെ രാഷ്ട്രീയവും, മൂന്നാമത്തേത് 'ബേബി ബൂം' പ്രതിഭാസവുമാണ്. ബേബി ബൂം പ്രതിഭാസത്തെകുറിച്ച മറ്റൊരവസരത്തിൽ നമ്മുക്ക് വിശദമായി ചർച്ച ചെയ്യാം, ഇപ്പൊ നമുക്ക് നമ്മുടെ വിഷയത്തിലേക്ക് നോക്കാം. കൊറോണ സംഹാരതാണ്ഡവമാടുന്ന യൂറോപ്യൻ അമേരിക്കൻ രാജ്യങ്ങളെല്ലാം തന്നെ അവരുടെ തീവ്രവിധ്വേഷത്തിൻറെ കൂരമ്പുകൾ ചൈനക്ക് നേരെ നീട്ടുമ്പോൾ, അതേ കൊറോണയുടെ പേരിൽ ഏറ്റവുംകൂടുതൽ പഴികേൾക്കേണ്ടിവന്ന ചൈനയാവട്ടെ ബെടക്കാക്കി തനിക്കാകുക എന്നൊരു കുതന്ത്രം മെനഞ്ഞു ഈ അവസരം മുതലെടുത്തു തങ്ങളുടെ ഉത്പാദനക്ഷമത പതിന്മടങ്ങു വർധിപ്പിച്ച് കൊറോണ കണ്ടെത്താനുള്ള മെഡിക്കൽ കിറ്റുകളും മറ്റു അനുബന്ധ ആരോഗ്യസംരക്ഷണ ഉപധികളും അതേ രാജ്യങ്ങളിലേക്ക് തന്നെ കയറ്റിയയച്ചു വൻലാഭം കൊയ്യുകയാണ്.

ആഭ്യന്തര ഉല്പാദനംപോലും അമ്പേ തകർന്നു തരിപ്പണമായിരിക്കുന്ന അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും, അതേസമയം അവസരം കണ്ട് ഉത്പാദനക്ഷമത പതിന്മടങ്ങു വർധിപ്പിച്ച ചൈനയും തമ്മിൽ വലിയ കാലതാമസമില്ലാതെ തന്നെ ഇപ്പോൾ നിലനിൽക്കുന്ന ശീതയുദ്ധം ഒരു തുറന്ന പോരിലേക്കും പിന്നീടത് ലോകമഹായുദ്ധത്തിലേക്കോ മാറാമെന്നുള്ള സാധ്യത തള്ളിക്കളയാൻ തരമില്ല. ആകെ തകിടം മറിയുന്ന സാമ്പത്തികവ്യവസ്ഥകണ്ട് 'കിളിപോയാൽ', സ്വതവേ അല്പം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ട്രാമ്പുമൊതലാളി തന്നെ ഗൺ പോയിൻറ് ചൈനക്ക് നേരെ തിരിച്ചു വച്ച് ന്യൂക്ലീയർ കോഡ് അമർത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിറളിപൂണ്ട വികസിതരാഷ്ട്രങ്ങളൊക്കെ കൂടി ചൈനക്കെതിരെ ഉപരോധം കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ചിന്തിക്കാതെ വയ്യ. അങ്ങനെകൂടി സംഭവിച്ചാൽ 'പിടിച്ചതിലും വലുത് ചൈനയുടെ അളയിലുണ്ടാവും' എന്ന് കരുത്തുകയാവും ഉചിതം. തത്വത്തിൽ വലുതെന്തോ വരാനിരിക്കുന്നു എന്ന് പാമരന്മാരായ നമുക്ക് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. സർവേശ്വരൻ ഈ ലോകത്തെ രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇന്നത്തേക്ക് വിട.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാത്രവിദഗ്ദ്ധനുമാണ്   ലേഖകൻ)