ജീവിക്കുന്നത് മരണങ്ങള്‍ക്ക് നടുവില്‍; വിതുമ്പി ഇറ്റലിയിലെ മലയാളി വിദ്യാര്‍ഥിനി

പുലര്‍ച്ചെ സമയത്ത് പോലും ശവശരീരങ്ങളുമായി ആര്‍മി വണ്ടികള്‍ പോയ്‌കൊണ്ടിരിക്കുന്നു.

ജീവിക്കുന്നത് മരണങ്ങള്‍ക്ക് നടുവില്‍; വിതുമ്പി ഇറ്റലിയിലെ മലയാളി വിദ്യാര്‍ഥിനി


കോവിഡുമായി ബന്ധപ്പെട്ടു  ഇറ്റലിയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസം മാത്രം 601 പേരാണ് മരണപ്പെട്ടത്. 6000 പേരാണ് സ്വദേശികളും വിദേശികളുമായി രോഗബാധിതരായിരിക്കുന്നത്. നിരവധി മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ഉറക്കം പോലും കിട്ടാത്ത രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് ഇരുപത്തി എട്ട് ദിവസമായി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളി വിദ്യാർഥിനി വിനീത പറയുന്നു.

ഫെയ്സ്ബുക്ക് ലൈവ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മരണങ്ങൾക്കു നടുവിൽ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും കേരളത്തിൽ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുതെന്നും വിദ്യാർഥിനി പറയുന്നു. നിരീക്ഷത്തില്‍ ഇരിക്കുന്നവർ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും ഇവിടെ നിന്നും നാട്ടിലേയ്ക്കു വരാത്തത് നിങ്ങളുടെ നല്ലതിനു വേണ്ടിയാണെന്നും കരഞ്ഞുകൊണ്ടാണ് വിനീത പറയുന്നത്. 

അവശ്യ സാധനങ്ങളും ഫാര്‍മസികളും മാത്രമാണ് തുറന്നിരിക്കുന്നത്. പുലര്‍ച്ചെ സമയത്ത് പോലും ശവശരീരങ്ങളുമായി ആര്‍മി വണ്ടികള്‍ പോയ്‌കൊണ്ടിരിക്കുന്നു. ദിവസവും കാണുന്നത് ഇതുതന്നെ. മനസ് മരവിച്ച അവസ്ഥയാണിപ്പോള്‍. പേടിയാകുന്നു - വിതുമ്പിക്കൊണ്ട് വിനീത പറയുന്നു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന ലംബോര്‍ഡി റീജിയനിലാണ് മൈക്രോബയോളജി വിദ്യാര്‍ഥിയായ വിനീത പഠിക്കുന്നത്.

ഇറ്റലിയിലെ അവസ്ഥയിലേക്ക് ഇന്ത്യയിലെ കാര്യങ്ങള്‍ എത്തിയാല്‍ കൈവിട്ടുപോകുമെന്നും വിനീത ഓര്‍മ്മിപ്പിക്കുന്നു. ഇറ്റലിയിലെ അവസ്ഥയിലേക്ക് ഇന്ത്യയിലെ കാര്യങ്ങള്‍ എത്തിയാല്‍ കൈവിട്ടുപോകുമെന്നും വിനീത ഓര്‍മ്മിപ്പിക്കുന്നു. സംസ്‌കരിക്കാന്‍ പോലും ഇപ്പോള്‍ സ്ഥലമില്ലാത്ത അവസ്ഥയാണ് ഇറ്റലിയില്‍. മോര്‍ച്ചറിയിലാണ് പല ബോഡികളും. കാര്യങ്ങള്‍ രീതിയിലേക്കാണ് പോവുന്നതെങ്കില്‍ ശനിയാഴ്ച മുതല്‍ എല്ലാ ബോഡികളും ഒരൊറ്റ കുഴിയിലാക്കി സംസ്‌കരിക്കേണ്ട ഗതികേടിലാണ്. വീട്ടിലേക്ക് വരാന്‍ കൊതിയുണ്ട്. വീട്ടുകാര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ വരില്ല. ഞങ്ങള്‍ കാരണം ആര്‍ക്കും രോഗം വരരുത്. ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിനീത പറയുന്നു.

ഇവിടുത്തെപോലെയുള്ള അവസ്ഥ ആകരുതെന്നു വിചാരിച്ചാണ് കേരളത്തിൽ ഇത്രയും മുൻകരുതൽ എടുക്കുന്നത്. ദയവു ചെയ്ത് അതെല്ലാവരും അനുസരിക്കണം. ഇവിടുത്തെ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നവരൊക്കെ കൈവിട്ട അവസ്ഥയിലാണ്. ആരെ രക്ഷിക്കണം, ആരെ സഹായിക്കണം എന്നറിയാത്ത അവസ്ഥയിലാണ് അവർ. ഈ സിറ്റി ലോക്ഡൗൺ നേരത്തെ എടുത്തിരുന്നെങ്കിൽ ഇത്രയും ഭീകരമായ അവസ്ഥ ഇവിടെ സംഭവിക്കില്ലായിരുന്നു. ഇന്ത്യയിലുള്ള കുറച്ച് വിദ്യാർഥികൾ ഇവിടുണ്ട്. പക്ഷേ, ഞങ്ങളാരും നാട്ടിലേക്കു വരുന്നില്ല. ഞങ്ങൾ വന്ന് അവിടാർക്കും ഒന്നും സംഭവിച്ചുകൂടാ എന്നു വച്ചാണ്. മരണങ്ങൾക്കു നടുവിൽ ജീവിക്കുക എന്ന അവസ്ഥയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിക്കുക. മൈക്രോബയോളജി വിദ്യാർഥിനി ആയതിനാൽത്തന്നെ ഇതിന്റെ ഗൗരവം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. മെഡിക്കൽ രംഗത്തുള്ള എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്."-