കിയ സോനെറ്റ് വിപണിയിലേക്ക്; മോഡലിന്റെ വില വിവരങ്ങൾ പുറത്ത്.

2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തിന്റെ കൺസെപ്റ്റ് പതിപ്പ് പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു

കിയ സോനെറ്റ് വിപണിയിലേക്ക്;  മോഡലിന്റെ വില വിവരങ്ങൾ പുറത്ത്.


കഴിഞ്ഞ വർഷം സെൽറ്റോസ് എസ്‌യുവിയുമായി ആഭ്യന്തര വിപണിയിൽ എത്തിയ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ്  നിലവിൽ എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ ബ്രാൻഡാണ്. നാല് വർഷത്തിലേറെയായി മിഡ്-സൈസ് എസ്‌യുവി ശ്രേണി ഭരിച്ചിരുന്ന ഹ്യുണ്ടായി ക്രെറ്റയെ തോൽപ്പിച്ച് തങ്ങളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി സെൽറ്റോസ് മാറിയതും ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് ആഢംബര എംപിവി വിഭാഗത്തിലേക്ക് നീങ്ങിയ കിയ കാർണിവലിനെയും വിൽപ്പനക്ക് എത്തിച്ചതോടെ അവിടെയും ആധിപത്യം നേടി.

ഇനി കിയ മൂന്നാമതായി എത്തുന്നത് കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്കാണ്. സോനെറ്റ് എന്ന മോഡലിനെ അവതരിപ്പിക്കുന്നതോടെ ഈ ശ്രേണിയും കീഴടക്കാമെന്നാണ് കമ്പനി കരുതുന്നത്.2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തിന്റെ കൺസെപ്റ്റ് പതിപ്പ് പ്രദർശിപ്പിച്ചതും ഏറെ ശ്രദ്ധനേടിയിരുന്നു. വരും മാസങ്ങളിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കോംപാക്‌ട് മോഡലിന്റെ വില വിവരങ്ങളെ കുറിച്ചുള്ള സൂചന ചില ഡീലർ വൃത്തങ്ങൾ പുറത്തുവിട്ടു. 
അതായത് കിയ ഇന്ത്യയുടെ മൂന്നാമത്തെ മോഡലിന് ഏകദേശം 7.9 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെ വില വരുമെന്നാണ് ഡീലർമാർ പറയുന്നത്. ഓഗസ്റ്റിലാകും സോനെറ്റ് ഷോറൂമുകളിലെത്തുക. രണ്ടാം തലമുറയിലെ ക്രെറ്റയുമായി സാമ്യമുള്ള സെൽറ്റോസിനെ പോലെ സോനെറ്റ് ഹ്യുണ്ടായി വെന്യുവിൽ അധിഷ്ഠിതമായിരിക്കും. 
മാരുതി സുസുക്കി വിറ്റാര ബ്രെസ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ഹോണ്ട WR-V തുടങ്ങിയ മോഡലുകൾക്കെരിയാണ് സോനെറ്റ് കോംപാക്‌ട് എസ്‌യുവി മത്സരിക്കുക. സെഗ്‌മെന്റിന്റെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടെ കൂടുതൽ പ്രീമിയം സവിശേഷതകളോടെയാണ് വാഹനം എത്തുന്നത്. കൂടാതെ കിയയുടെ UVO കണക്റ്റും സോനെറ്റിന് ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യ വെന്യു ഒഴികെയുള്ള മോഡലുകൾക്കു മേൽ ആധിപത്യം സ്ഥാപിക്കാനും ബ്രാൻഡിനെ സഹായിക്കും.

മൗണ്ട് നിയന്ത്രണങ്ങളുള്ള ഒരു ഫ്ലാറ്റ്-ബോട്ടർ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, വയർലെസ് ചാർജിംഗ് സിസ്റ്റം, സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് ക്രമീകരണങ്ങൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ബോസ് ഓഡിയോ, വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ, ഡീസലിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയും കാറിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.