"മനോഹരം":മനോഹരമായി വരച്ചു കാട്ടിയ മികച്ച ഒരു കലാസൃഷ്‌ടി

ഒരു ആർട്ടിസ്റ്റിന്റെ ജീവിതം അമാനുഷകളില്ലാതെ അതി മനോഹരമായി വരച്ചു കാട്ടിയ മികച്ച ഒരു കലാസൃഷ്‌ടി..


 "മനോഹരം"..

ഒരു ആർട്ടിസ്റ്റിന്റെ ജീവിതം അമാനുഷകളില്ലാതെ അതി മനോഹരമായി വരച്ചു കാട്ടിയ മികച്ച ഒരു കലാസൃഷ്‌ടി.. വിനീത് ശ്രീനിവാസൻ നായകനായി അൻവർ സാദത്ത് ഒരുക്കിയ "മനോഹരം" രണ്ടു മണിക്കൂർ കൊണ്ട് പ്രേക്ഷകന് സമ്മാനിക്കുന്നത് നല്ലൊരു ചലച്ചിത്രാനുഭവനാണ്..

നല്ലൊരു കഥയും ആ കഥ പറയുന്നതിന് ഒപ്പം തന്നെ നിൽക്കുന്ന മികച്ച തിരക്കഥയും സിനിമക്ക് അടിത്തറയാവുന്നു.. ചിത്രത്തിൽ വിനീത് അവതരിപ്പിക്കുന്ന മനു എന്ന കഥാപാത്രം പലരുടെയും പ്രതിനിധിയാണ്.. പുതിയ ആധുനിക ലോകത്ത് ഒരു ആർട്ടിസ്റ്റ് അനുഭവിക്കുന്ന മാനുഷിക പ്രശ്നങ്ങൾ ഒരു പരിധിവരെ പ്രതിഫലിപ്പിക്കാൻ വിനീതിന് കഴിയുന്നുണ്ട്..

പാലക്കാടൻ ഗ്രാമ പശ്ചാത്തലത്തിലാണ് കഥ പറച്ചിൽ.. നായകന്റെ കുട്ടിക്കാലത്തിൽ തുടങ്ങുന്ന കഥ പറച്ചിൽ പിന്നീട് സൗഹൃദവും പ്രണയവും ഒക്കെയായി കാഴ്ചക്കാരെ ആകർഷിക്കുന്ന തരത്തിലാണ് മുന്നേറുന്നത്..

ഇതോടൊപ്പം പുതിയ ലോകത്തോട് പിടിച്ചു നിൽക്കാൻ മനു നടത്തുന്ന ശ്രമം സിനിമയെ മുഴുവൻ സ്വാധീനിക്കുകയാണ്.. ക്ലെമാക്സ് അടക്കം അത്യാവശ്യം പ്രേക്ഷകനെ എൻഗേജ്‌ ചെയ്തു പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്..

വിനീത് , ബേസിൽ , ഇന്ദ്രൻസ് എന്നിവർക്കിടയിൽ കോമ്പിനേഷൻ സീനുകൾക്കിടയിലുണ്ടായ കെമിസ്ട്രി ചിത്രത്തിന്റെ നല്ലൊരു പ്ലസാണ്.. അതുപോലെ നായിക വേഷത്തിൽ പുതുമുഖം അപർണദാസിന്റെ പ്രകടനവും ആകർഷണഘടകമായി.. വിനീത് - അപർണ സ്‌ക്രീൻ പ്രസൻസ് സിനിമയുടെ ഭംഗി കൂട്ടിയിട്ടുണ്ട്..

മലയാളത്തിൽ ഇന്ന് കണ്ടു വരുന്ന ഫീൽ ഗുഡ് ജേർണറിനൊപ്പം അൽപ്പം റിയലസ്റ്റിക്ക് സ്വഭാവത്തോടെ കഥ പറയാൻ ശ്രമിച്ചിട്ടുണ്ട്.. അത് എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുമോ എന്നൊരു സംശയമുണ്ട്.. അതുപോലെ ചില സീനുകളിൽ ആവശ്യമില്ലാത്ത പിരിമുറുക്കം ഉണ്ടാക്കാൻ ശ്രമിച്ചോ എന്നും തോന്നി..

പാലക്കാടൻ ഗ്രാമ ഭംഗിയിൽ നിറഞ്ഞ ഫ്രെയിമുകൾ , ഗാനങ്ങൾ , പശ്ചാത്തല സംഗീതം എന്നിവയും സിനിമക്ക് ഒപ്പം തന്നെ നിന്നു..

കല എന്നത് ദൈവനുഗ്രഹമാണ്.. കലാകാരനെ തേടി എന്നും നല്ലത് വരും.. സിനിമ അടിവരയിട്ട് പറയുന്നതും അത് തന്നെയാണ്..

തിയറ്ററിൽ പോയി കാണുന്ന പ്രേക്ഷകന് സിനിമക്ക് ഒപ്പം മനോഹരമായി സഞ്ചരിക്കാം.. ഒരുപാട് ചിന്തിക്കാം..

നിഖിൽ പ്രസാദ്