തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു

ചെന്നൈയില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രോഗികളുടെ എണ്ണത്തിലു​ണ്ടാകുന്ന വര്‍ധന നഗരത്തില്‍ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്​.

തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു


ചെന്നൈ: തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,02,721 പേര്‍ക്കാണ്​ സംസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്​ഥാനമായി തമിഴ്​നാട്​. ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതര്‍ മഹാരാഷ്​ട്രയിലാണ്​.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ചെന്നൈയില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രോഗികളുടെ എണ്ണത്തിലു​ണ്ടാകുന്ന വര്‍ധന നഗരത്തില്‍ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്​. ചെന്നൈയില്‍ മാത്രം ഇതുവരെ 64,689 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ചെന്നെക്ക്​ പുറമെ ചെങ്കല്‍പേട്ട്​, തിരുവള്ളൂര്‍, മധുര, കാഞ്ചീപുരം, തിരുവണ്ണാമലെ എന്നിവയാണ്​ രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള മറ്റു ജില്ലകള്‍.

വെള്ളിയാഴ്​ച 4,329 പേര്‍ക്കാണ്​​ തമിഴ്​നാട്ടില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​. 42,955പേര്‍ നിലവില്‍ ചികിത്സയിലുണ്ട്​. വെള്ളിയാഴ്​ച 64 പേര്‍ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഇതോടെ മരണസംഖ്യ 1385 ആയി ഉയര്‍ന്നു. 58,378 പേര്‍ രോഗമുക്തി നേടി. 12,70,720 സാമ്ബിളുകള്‍ തമിഴ്​നാട്ടില്‍ ഇതുവരെ പരിശോധിച്ചു.