മദ്യസംസ്കാരത്തിൻറെ രാഷ്ട്രീയം

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

മദ്യസംസ്കാരത്തിൻറെ രാഷ്ട്രീയം


ലോക്കടൗൺ കാലത്തു അടച്ചിട്ടിരുന്ന മദ്യശാലകൾ ഇപ്പോൾ തുറക്കുന്നു എന്ന വർത്തമാനം വളരെ ആവേശത്തോടുകൂടിയാണ് ഇന്ത്യൻ ജനത വരവേൽക്കുന്നത്, വിശിഷ്യാ മലയാളി സമൂഹം. റേഷൻ കടകളും, പലചരക്കുകടകളും അടച്ചിട്ടിരുന്ന തുറന്നപ്പോൾ ഒരു പക്ഷെ ഈ ആവേശം നമ്മൾ കണ്ടിട്ടില്ല. 'നാല് വറ്റിനുള്ള കാശ് വീട്ടിൽ കൊടുത്തില്ലേലും നാലു പെഗ്ഗി'നുള്ള വഴി ഉണ്ടാക്കും എന്ന അവസ്ഥയിലേക്ക് നമ്മുടെ സമൂഹ മായിരിക്കുന്നോ എന്ന് ശങ്കിക്കേണ്ട രീതിയാണ് ഇപ്പോൾ കണ്ടു വരുന്നതെന്ന് പറയാതെ വയ്യ. ലോക്കടൗൺ തിരിച്ചറിവിന്റെയും വ്യക്തി-വ്യക്തിത്വ ശുദ്ധീകരണത്തിന്റെയും നാളുകളായിരിക്കുമെന്നു ജ്ഞാനകുതുകികൾ പറഞ്ഞത് പാഴ് വാക്കയോ എന്നൊരു സംശയം. എന്തായാലും മദ്യസംസ്കാരമെന്നത് മലയാളിക്ക്, പൊതുവിൽ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത സംസ്കാരമായി മാറിയിരിക്കുന്നു എന്ന് കരുതാം.

മധ്യവർഗത്തിന്റേതെന്നതുപോലെ തന്നെ അഭിഗണ്യവർഗത്തിന്റെയും അധോഗണ്യവർഗത്തിന്റെയും ചേരിതിരിവുകളില്ലാത്ത, ഉച്ചനീചത്വങ്ങൾക്കു സ്ഥാനമില്ലാത്ത വളരെ പുരോഗമനപരവും അതെ സമയം പരിഷ്‌കൃതവുമായ ഒരേയൊരു സംസ്കാരത്തെ നമുക്ക് മദ്യസംസ്കാരം എന്ന് വിളിക്കാം. മദ്യസൽക്കാരമില്ലാത്ത ഒരു പരിപാടി പോലും പരിഷ്‌കൃതപ്രജ്ഞന്മാരായ നമ്മുക്കൊക്കെ ചിന്തിക്കാനാവില്ല എന്ന സ്ഥിതിയിലേക്ക് എത്തി നിൽക്കുന്നു. ചെറിയ ഒത്തുതീർപ്പു തർക്കങ്ങൾ മുതൽ ലക്ഷങ്ങളുടെയും കൊടികളുടെയും ബിസിനസ് ഡീലുകൾ വരെ ഒരു കുപ്പിയുടെ പുറത്തു മറിയുന്നു, എന്തിനേറെ പറയുന്നു ആയിരത്തിതൊള്ളായിരത്തിന്റെ തുടക്കത്തിൽ, കൃത്യമായി പറഞ്ഞാൽ ആയിരത്തിതൊള്ളായിരത്തിഎട്ടിൽ ഓസ്‌ട്രേലിയയിൽ ഭരണകൂടത്തെ തന്നെ അട്ടിമറിച്ച കഥപറയാനുണ്ട് മദ്യസംസ്കാരത്തിന്.

എന്നാണ് മദ്യം മനുഷ്യരാശിയെ ഇത്രമേൽ സ്വാധീനംചെലുത്താൻ തക്ക ശക്തിയായി മാറിയത് എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹിന്ദു പുരാണങ്ങളിൽ പ്രതിപാദിക്കുന്ന 'സോമരസം', 'സുര' എന്നിവ ചരിത്രാധീതകാലത്തെ മധ്യോല്പന്നങ്ങളാണെന്നു പണ്ഡിതമതം. സുര പാനം ചെയ്തവനാരോ അവൻ സുരൻ എന്നും പാനം ചെയ്യാത്തവൻ അസുരനെന്നും മറ്റൊരു പണ്ഡിതപക്ഷം. ഗ്രീക്ക് വിശ്വാസപ്രകാരം ഡിയനിസിസ് എന്നൊരു മദ്യദേവനെ പോലും അവർ ആരാധിച്ചിരുന്നു എന്നതാണ് കൗതുകകരം. മനുഷ്യരാശിയുടെ പിറവിതൊട്ടേ മദ്യമുണ്ടായിരുന്നു എന്ന് വേണം കരുതാൻ. ചരിത്ര താളുകളിൽ രേഖപ്പെടുത്തിയ മദ്യോത്പാദനം തുടങ്ങുന്നത് ചൈനയിൽ നിന്നാണ്, ഏതാണ്ട് ഒമ്പതിനായിരം വർഷങ്ങൾ മുൻപേ തന്നെ. ലോകത്തിന്റെ നാനാകോണിലും ഇന്ന് മദ്യസംസ്കാരം വളർന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു. ഷരിയ നിയമത്തിനു പേരുകേട്ട അറേബ്യൻ രാജ്യങ്ങൾ പോലും അവരുടെ വിശിഷ്ടതിഥികളെ സ്വീകരിക്കാൻ തീന്മേശയിൽ മദ്യം വിളമ്പിത്തുടങ്ങിട്ടു അധികമായിട്ടില്ല എന്നുള്ളത് ആ സംസ്കാരത്തിന്റെ ആവശ്യകത ലോകത്തിനു തുറന്നു കാട്ടുന്നുണ്ട്.

മദ്യം മാനവരാശിക്ക് വിപത്താണെന്നു ഉത്ബോധിപ്പിച്ച ശ്രീ നാരായണ ഗുരു ദേവനും, മദ്യം ഒന്നിനുമുള്ള ഉത്തരമാകുന്നില്ല എന്ന് പറഞ്ഞ മഹാത്മജിയും, മദ്യം തൊഴിലാളിവർഗത്തിന്റെ ഉന്മൂലനത്തിനു കാരണമാകും എന്ന് അഭിപ്രായപ്പെട്ട കാറൽ മാർക്സും, മദ്യം എല്ലാ തിന്മകളുടെയും മാതാവാണ് എന്ന് അരുളിയ മുഹമ്മദ് നബിയും ജീവിച്ചു മൺമറഞ്ഞുപോയ അവർക്ക് ഈ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ കാണേണ്ടി വരുന്നില്ലല്ലോ എന്ന് കരുതി സമാധാനിക്കാം. ലോകനന്മയ്ക്കായ് കൂടുതൽ കൂടുതൽ മദ്യശാലകൾ തുറക്കട്ടെ, വെള്ളത്തേക്കാൾ കൂടുതൽ ലോകത്തു മദ്യമൊഴുക്കാൻ എല്ലാ ഭരണകൂടങ്ങൾക്കുമാവട്ടെ എന്ന് ആശംസിക്കുന്നു. മദ്യശാലകൾ തുറക്കുന്നതും കാത്ത് കണ്ണിൽ എണ്ണയുമൊഴിച്ച് കാത്തിരിക്കുന്ന എല്ലാ മദ്യപസുഹൃത്തുക്കൾക്കും അഭിവാദനങ്ങൾ.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാത്രവിദഗ്ദ്ധനുമാണ്   ലേഖകൻ)