ബേബി ബൂം പ്രതിഭാസം

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

ബേബി ബൂം പ്രതിഭാസം


രാജ്യാന്തരവാർത്തകൾ ശ്രദ്ധിക്കുന്ന ഏതൊരാളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടക്കെങ്കിലും കേൾക്കുന്ന വാക്കാണ് ആഗോളസാമ്പത്തിക പ്രതിസന്ധി എന്നത്, അതോടൊപ്പം തന്നെ അതെ പ്രാധാന്യത്തോടെ കേൾക്കുന്ന മറ്റൊരു കാര്യവുമുണ്ട് - വരാനിരിക്കുന്ന ബേബി ബൂം പ്രതിഭാസം. എങ്ങനെയെങ്കിലും ഈ കൊറോണക്കാലം ഒന്ന് കഴിഞ്ഞുകിട്ടിയാൽ മതി എന്ന് ചിന്തിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ കൊറോണാഭീതി വിട്ടൊഴിയുന്നതോടെ പ്രതിസന്ധിഘട്ടം ഒഴിയുമോ എന്നത് ചിന്താനാതീതമാണ് എന്നുള്ളത് പണ്ഡിതന്മാർ പലരും സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. സാമ്പത്തിക വിദഗ്ധരുടെ ആധി സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവുമാണെങ്കിൽ, സാമൂഹിക വിദഗ്ധർ ആശങ്കാകുലരാകുന്നത് ബേബി ബൂം പ്രതിഭാസത്തെയും തൊഴിലില്ലായ്മ  ഭീതിയെയും കുറിച്ചാണെന്നു മാത്രം. സാമ്പത്തിക മാന്ദ്യംപോലെ തന്നെ ഗൗരവമർഹിക്കുന്നതാണ് ജനസംഖ്യാവർധനവും അതിനു കാരണമായേക്കാവുന്ന ബേബി ബൂം പ്രതിഭാസവുമെന്നത് പച്ചപരമാർത്ഥം. സാമ്പത്തിക മാന്ദ്യം ലോകത്തിൻറെ വളർച്ചയെ ഒരു ദശാബ്ദം പിന്നിലാക്കുമ്പോൾ ജനസംഖ്യാവർദ്ധനവ് കുറഞ്ഞത് ഒരു ശതാബ്ദം പിന്നിലേക്ക് വലിക്കുമെന്നു പരിണിതപ്രജ്ഞരായവർ അഭിപ്രായപ്പെടുന്നു.

ലോകത്തു ഇതാദ്യമായല്ല ഈയൊരു പ്രതിഭാസം ഉടലെടുക്കുന്നതെന്ന് ചരിത്രം പറയുന്നു. ഏതെങ്കിലും ഒരു രാഷ്ട്രം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുമ്പോഴോ അതിനു സമീപ നാളുകളിലോ ആയിട്ടാണ് ഈ പ്രതിഭാസം കണ്ടുവരുന്നത് എന്നത് ഈ വിഷയത്തിൻറെ സമകാലിക പ്രസക്തി അടിവരായിട്ടുറപ്പിക്കുന്നുണ്ട്. ലോക കണ്ട ഏറ്റവും വലിയ ബേബി ബൂം ഇതിനുമുൻപേ സംഭവിച്ചത് ഇരുപതാം നൂറ്റാണ്ടിൻറെ നടുമുറിക്ക് വച്ച്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷവും അതേത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തുമാണ്, ഏറെക്കുറെ കൃത്യമായി പറഞ്ഞാൽ ആയിരത്തിത്തൊള്ളായിരത്തി നാല്പതിനും അറുപത്തിനുമിടയിൽ. രണ്ടാം ലോകമഹായുദ്ധസമയത്തെ ഒറ്റപെടലുകളും, വീട്ടിൽ മാത്രം ഒതുങ്ങി കൂടേണ്ടി വന്ന അവസ്ഥയുമാണ് ഇതിനൊരു കാരണമെന്ന് പറയപ്പെടുന്നത്. യുദ്ധാനന്തരം ഭരണകൂടങ്ങൾ പ്രഖ്യാപിച്ച പലിശരഹിത വായ്പകളും ആവശ്യത്തിലധികം തൊഴിലവസരങ്ങളും ജനങ്ങളെ  ആയാസരഹിതമായ ജീവിതനിലവാരത്തിലെത്തിച്ചതും ബേബി ബൂം പ്രതിഭാസത്തിനു ആക്കം കൂട്ടിയെന്നു പറയാതെ തരമില്ല. സന്തോഷം വന്നാലും സങ്കടം വന്നാലും ഭരണകൂടത്തിന് സമാധാനമില്ല എന്ന അവസ്ഥയിലേക്കെത്തിച്ചു എന്ന് ചുരുക്കം. ദൂരവ്യാപകമായ ഇതിൻറെ പരിണിതഫലം അനുഭവിക്കുന്ന രാഷ്ട്രങ്ങളാണ് ഇന്ന് ജപ്പാനും അമേരിക്കയും പോളണ്ടും ജർമനിയും റൊമാനിയയും എല്ലാം.

ഇതിപ്പോൾ നമുക്കോടെ അറിവുള്ളതുപോലെ ബേബി ബൂം പ്രതിഭാസത്തിൻറെ ദൂരവ്യാപകപ്രത്യാഘാതത്തിൻറെ ഒരു പതിപ്പാണ് വികസിതരാഷ്ട്രങ്ങൾ, വിശിഷ്യാ രണ്ടാം ലോകമഹായുദ്ധത്തിനു നേതൃത്വം കൊടുത്ത രാഷ്ട്രങ്ങളെല്ലാം തന്നെ നേരിടുന്ന തൊഴിൽശക്തി ക്ഷാമം അഥവാ യുവജനശക്തി ക്ഷാമം. ആവശ്യത്തിലേറെ തൊഴിലവസരങ്ങളുണ്ടായിട്ടും യുവജനങ്ങളെ തൊഴിലിനായി കിട്ടാതെ വരുന്ന അവസ്ഥ. ഏറെക്കുറെ രണ്ടായിരത്തി പതിനൊന്നിന്റെ അവസാനത്തോടെ ബേബി ബൂം കാലത്തു പിറന്ന വ്യക്തികളെല്ലാം തന്നെ ജോലികളിൽ നിന്ന് വിരമിച്ചു വീട്ടിലിരിപ്പായി. കൂടുതൽ മാനവ വിഭവശേഷി കണ്ടുകൊണ്ട് തുടങ്ങിയ പല പദ്ധതികളിലും അതു വരെ ഇപ്പറഞ്ഞ വ്യതികളെല്ലാം ജോലി ചെയ്തിരുന്ന തസ്തികകൾ ഒഴിഞ്ഞപ്പോൾ തികയ്ക്കാൻ ആളില്ലാത്ത അവസ്ഥയാണ് ഇന്ന്.

ലോകയുദ്ധാനന്തരം രൂപം കൊണ്ട അതേ അവസ്ഥയിലേക്കാണ് ഇപ്പോൾ ലോകം നീങ്ങുന്നത് എന്ന് കരുതണം. അന്ന് ബേബി ബൂം പ്രതിഭാസത്തിനു കാരണമായത് ആയാസരഹിതമായ ജീവിതവും ജീവിത നിലവാരത്തിൽ വന്ന ഉയർച്ചയുമാണെങ്കിൽ, വരാനിരിക്കുന്ന ബേബി ബൂമിൻറെ പ്രധാനപ്പെട്ട ഒരു കാരണം തടഞ്ഞു വെക്കപ്പെട്ട വിവാഹങ്ങളും ഇപ്പോൾ നിലനിൽക്കുന്ന ലോക്കടൗണുമാവും എന്ന് നിസ്സംശയം പറയാം. കൊറോണയെ ശപിച്ചുകൊണ്ട് വിവാഹം സ്വപ്നംകണ്ടിരിക്കുന്ന നവദമ്പതികൾക്കും ലോക്കടൗൺ തീരാതിരിക്കാൻ പ്രാർത്ഥിച്ചു കൊണ്ട് വീട്ടിലിരിക്കുന്ന സദമ്പതിമാർക്കും ഒരു ബേബി ബൂം യുഗാശംസകൾ.

 

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാത്രവിദഗ്ദ്ധനുമാണ്   ലേഖകൻ)