കൊറോണയും തൊഴിലില്ലായ്മയും

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

കൊറോണയും തൊഴിലില്ലായ്മയും


ലോകം മുഴുവൻ പടർന്നുപിടിച്ച് സംഹാരതാണ്ഡവമാടുന്ന കൊറോണയെന്ന മഹാമാരി ഇത് വരെയും അതിൻറെ പരിണാമശാസ്ത്രം  മനുഷ്യരാശിക്ക് പിടുത്തം തന്നിട്ടില്ലായെന്നുള്ളത് ചെറുതല്ലാത്ത ആശങ്കയാണുണ്ടാക്കുന്നത്. ഇതിനിടെ പുറത്തുവരുന്ന മറ്റു പല സംഭവവികാസങ്ങളും ആ ആശങ്കയ്ക്ക് ആക്കം കൂട്ടാൻ പര്യാപ്തമായവ തന്നെ. ഈ ഒരു സങ്കടഘട്ടം കഴിഞ്ഞാൽ അതോടെ സമാധാനിക്കാം എന്ന് കരുതുക അസാധ്യം. ഐഎംഎഫ് പോലെയുള്ള സാമ്പത്തികവിദഗ്ദ്ധശക്തികളുടെ അഭിപ്രായം മുഖവിലക്കെടുത്താൽ, വരാനിരിക്കുന്നത് ലോകം കണ്ടതിൽ വച്ചേറ്റവും ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയാണ്. അതിൻറെ മുന്നൊരുക്കമെന്നോണമുള്ള വർത്തമാനങ്ങൾ നമ്മളെല്ലാവരും പലയിടത്തുനിന്നും കേൾക്കുന്നുണ്ട്. വളരെയേറെ ആശങ്കാജനകമായ കാര്യം, ഏകദേശം അഞ്ചര കോടി ആളുകൾക്ക് ഇതിനോടകം തൊഴിൽനഷ്ടം സംഭവിച്ചു എന്നുള്ള വാർത്തയാണ്. ഈ വാർത്തയുടെ മറുപുറം നോക്കുമ്പോൾ വരാനിരിക്കുന്ന സാമ്പത്തികത്തകർച്ചയുടെ നാന്ദി കുറിക്കലായ് തന്നെ വിലയിരുത്തേണ്ടി വരും.

കൊറോണ ലോകത്തെ മുഴുവനായി വിഴുങ്ങിയപ്പോൾ നിലച്ചു പോയത് ജനജീവിതം മാത്രമല്ല, മിക്കവരുടെയും ജീവനോപാധി കൂടിയാണ്. അടഞ്ഞു കിടക്കുന്ന വ്യവസായശാലകളിൽ പണിയെടുത്തിരുന്നവർ, ഉത്പന്നങ്ങൾ ജീവനോപാധിയാക്കിയവർ, ക്രയവിക്രയ സംവിധാനങ്ങളിൽ ജോലിചെയ്തിരുന്നവരെല്ലാം ഈ കൂട്ടത്തിൽ പെടും. കഴിഞ്ഞ മൂന്നു മാസക്കാലമായി ജീവനോപാധി നിലച്ചുപോയവർ അനവധിയാണ്. ജോലിയില്ലാതെ വന്നപ്പോൾ കുറേക്കാലം ഇവരെ പോറ്റാൻ അതാതു സ്ഥാപങ്ങൾക്കു സാധിച്ചിട്ടുണ്ടെങ്കിലും, എല്ലാക്കാലവും അത് പ്രവർത്തികമല്ലെന്നു സ്ഥാപങ്ങൾക്കുമറിയാം ഭരണകൂടങ്ങൾക്കുമറിയാം. ഇപ്പോൾ ഉത്പാദനം നിലച്ചിരിക്കുന്ന എല്ലാ വാണിജ്യ വ്യവസായ മേഖലയിലെയും കണക്കെടുത്താൽ ഏറെക്കുറെ അടുത്ത അഞ്ചു കൊല്ലം പിന്നിലേക്കായി എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിപരമാവില്ല. അടഞ്ഞുകിടന്ന സമയത്തെ നഷ്ടം നികത്തേണ്ടത് സ്ഥപനങ്ങളുടെ അതിജീവനത്തിന്റെ പ്രശ്നമായി മാറിയിരിക്കുന്നു എന്ന് പറയാം. തത്‌ഫലമായി വ്യവസായമേഖലയൊട്ടുക്ക് ഒരു വെട്ടിച്ചുരുക്കലിൻറെ പാതയിലേക്ക് പോകും എന്ന് നിസ്സംശയം കരുതാം. ഈ വെട്ടിച്ചുരുക്കളിൽ ആദ്യമായ് തന്നെ തൊഴിലാളികളുടെ എണ്ണത്തെ വെട്ടിനിരത്തുകയാവും ചെയ്യുക. ക്രമേണ ഈ പ്രവണത തുടരുകയും ലോകമെമ്പാടും ഏറ്റവും നല്ല ചെലവുചുരുക്കൽ മാർഗമായി ഇത് അവലംബിക്കപ്പെടുകയും ചെയ്യുന്നതോടെ, ലോകം ഇതേ വരെ കണ്ടിട്ടില്ലാത്ത തൊഴിലില്ലാഴ്മയും തൊഴിൽക്ഷാമവും രൂപപ്പെടും. അത് വലിയ സാമൂഹികവിപത്തുകളിലേക്ക് നയിക്കുമെന്ന് അർത്ഥശങ്കക്കിടയില്ലാത്തവണ്ണമുള്ള പരമാർത്ഥം.

പൊതുവിൽ കണ്ട് വരുന്ന സ്ഥിതിവിശേഷങ്ങൾ ആധാരമായെടുത്താൽ, രണ്ടയായിരത്തിഒൻപത്തിലെ സാമ്പത്തിക മാന്ദ്യത്തിലൊക്കെ സംഭവിച്ചത് പോലെ കുറഞ്ഞവേതനത്തിലും നൈപുണ്യമാവശ്യമില്ലാത്ത തൊഴിൽ ചെയ്യുന്ന താഴെത്തട്ടിലുള്ള തൊഴിലാളികളെയും അത്ര കണ്ട ബാധിക്കുമെന്ന് പറയുക വയ്യ. വെട്ടിച്ചുരുക്കലുകൾ അന്നത്തെ പോലെ വരും നാളുകളിലും ഇരയാവുക ഉയർനവേതനവും, നൈപുണ്യമുള്ള തൊഴിൽ ചെയ്യുന്നവരുമാവും. ഒരു പക്ഷെ, വെട്ടുനിരത്തലുകൾക്കിടയിൽ പുതുനാമ്പുകൾ നട്ടുപിടിപ്പിക്കലുകളും കണ്ടുവരാറുണ്ട്. അങ്ങനെ തൊഴിലില്ലായ്മയോടൊപ്പം തന്നെ സുവർണാവസരങ്ങളുടെ കാലം കൂടിയാണ് നമുക്ക് മുന്നിൽ ഉള്ളത്.  ഈ വെട്ടിനിരത്തലുകളും കുത്തൊഴുക്കുകളും കഴിയുമ്പോൾ സ്വന്തം തൊഴിൽ സംരക്ഷിച്ചുനിർത്താൻ കഴിഞ്ഞവരാരോ അവർ അനുഗ്രഹീതർ എന്ന് പറഞ്ഞു കൊണ്ട് ഇന്നത്തേക്ക് നിർത്തുന്നു.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാത്രവിദഗ്ദ്ധനുമാണ്   ലേഖകൻ)