ധോണിയെ പുകഴ്ത്തി ടീമംഗം റെയ്‌ന.

അദ്ദേഹത്തില്‍ ഇനിയും ക്രിക്കറ്റ് ശേഷിക്കുന്നുണ്ട്. 

ധോണിയെ പുകഴ്ത്തി ടീമംഗം റെയ്‌ന.


ചെന്നൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയില്‍ ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ടീമംഗവും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന. ഐപിഎല്ലിന്റെ 13ാം സീസണില്‍ സിഎസ്‌കെയ്ക്കായി കളിച്ച്‌ മത്സരരംഗത്തേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയായിരുന്നു ധോണി. ഇതിനിടെയാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ടൂര്‍ണമെന്റ് അനിശ്ചിതമായി നീണ്ടത്.

ധോണി ഇപ്പോഴും ചെറുപ്പം തന്നെയാണെന്നും പ്രായമാവുന്നതിന്റെ ഒരൂ സൂചനകളും കാണിക്കുന്നില്ലെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ ഉജ്ജ്വലമായാണ് ധോണി ബാറ്റ് വീശിയത്. അദ്ദേഹത്തില്‍ ഇനിയും ക്രിക്കറ്റ് ശേഷിക്കുന്നുണ്ട്. 
ഞങ്ങള്‍ പരിശീലന മത്സരങ്ങളില്‍ കളിച്ചിരുന്നു. അവയില്‍ ധോണിയുടെ ബാറ്റിങ് മികച്ചതായിരുന്നു. പഴയതു പോലെ അദ്ദേഹം അനായാസം സിക്‌സറുകളും നേടിയിരുന്നുവെന്നും റെയ്‌ന പറഞ്ഞു.

പരിശീലന ക്യാംപില്‍ രാവിലെയും വൈകീട്ടും മൂന്നോവര്‍ വീതം ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. ചെന്നൈയില്‍ ചൂട് വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെയാണ് ഞങ്ങള്‍ പരിശീലനത്തിലേര്‍പ്പെട്ടത്. 

മണിക്കൂറുകളോളം പരിശീലനം നടത്തിയിട്ടും അതു ധോണിയെ തളര്‍ത്തിയില്ല. അത്രയും മികച്ച ഫിറ്റ്‌നസാണ് അദ്ദേഹത്തിനുള്ളത്. മികച്ച ടൈമിങോടെയാണ് ധോണി നെറ്റ്‌സില്‍ ബാറ്റ് ചെയ്തതെന്നും ഇന്‍സ്റ്റഗ്രാം ലൈവ് സെഷനില്‍ റെയ്‌ന വ്യക്തമാക്കി.
പ്രായമാവുന്നതിന്റെ ഒരു ലക്ഷണങ്ങളും ധോണി പ്രകടിപ്പിച്ചിരുന്നില്ല. വളരെ വ്യത്യസ്തനായാണ് അദ്ദേഹം കാണപ്പെട്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് ധോണി ശ്രമിച്ചത്. ഇനി കളിക്കളത്തിലെത്തിയാല്‍ അതു എല്ലാവര്‍ക്കും നേരിട്ടു കാണാമെന്നും റെയ്‌ന പറഞ്ഞു.