റഷ്യൻ കോവിഡ് വാക്സിൻ സ്പുട്നിക്-5 ഈ മാസം പൊതുജനങ്ങളിലേക്ക്

കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ പൂർത്തിയാക്കി രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

റഷ്യൻ കോവിഡ് വാക്സിൻ  സ്പുട്നിക്-5  ഈ മാസം പൊതുജനങ്ങളിലേക്ക്


റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ  സ്പുട്നിക്-5 സെപ്റ്റംബർ 15 നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കിത്തുടങ്ങുമെന്ന് സൂചന.  കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ പൂർത്തിയാക്കി രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. 

റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കിത്തുടങ്ങും.  ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നവർക്കാവും വാക്സിൻ ആദ്യം നൽകുക. ജൂൺ - ജൂലായ് മാസങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ 76 പേരാണ് വാക്സിൻ സ്വീകരിച്ചത്.  ഇവരിൽ എല്ലാവരുടെയും ശരീരത്തിൽ കോവിഡിനെതിരായ ആന്റീബോഡികൾ ഉണ്ടായെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ കഴിഞ്ഞില്ലെന്നുമാണ് അധികൃതർ പറയുന്നത്. രണ്ടാംഘട്ടത്തിൽ 42 ദിവസംനീണ്ട പരീക്ഷണത്തിന്റെ ഭാഗമായ 42 പേരിലും പാർശ്വഫലങ്ങൾ കണ്ടെത്താനായില്ല.

സ്പുട്നിക് 5 വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.  മൂന്നാംഘട്ട പരീക്ഷണ ഫലം 2020 ഒക്ടോബർ - നവംബർ മാസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.