ഐപിഎൽ; ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 190 റൺസ് വിജയലക്ഷ്യം

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 189 റൺസ് നേടിയത്.

ഐപിഎൽ; ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 190 റൺസ് വിജയലക്ഷ്യം


ഐപിഎൽ 13ആം സീസണിലെ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 190 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 189 റൺസ് നേടിയത്. ഡൽഹിക്കായി 78 റൺസ് നേടിയ ശിഖർ ധവാൻ ടോപ്പ് സ്കോറർ ആയി. ഷിംറോൺ ഹെട്‌മെയർ (42), മാർക്കസ് സ്റ്റോയിനിസ് (38) എന്നിവരും ഡൽഹിക്കായി തിളങ്ങി.

വ്യത്യസ്തമായ ഓപ്പണിംഗ് ജോഡിയെയാണ് ഡൽഹി ക്യാപിറ്റൽസ് ഈ മത്സരത്തിൽ പരീക്ഷിച്ചത്. ശിഖർ ധവാനോടൊപ്പം മാർക്കസ് സ്റ്റോയിനിസ് ആണ് ഡൽഹിയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ബിഗ് ബാഷ് ലീഗിൽ സ്ഥിരം ഓപ്പണറായ സ്റ്റോയിനിസിനെ അതേ പൊസിഷനിൽ ഇറക്കാനുള്ള മാനേജ്മെൻ്റിൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കണ്ടത്. ആക്രമിച്ച് കളിച്ച ഇരുവരും അനായാസം സ്കോർ ചെയ്തു. ധവാൻ ആയിരുന്നു കൂടുതൽ അപകടകാരി. ബൗളർമാരെല്ലാം തല്ല് വാങ്ങിയപ്പോൾ ഡൽഹിയുടെ സ്കോർ കുതിച്ചു കയറി. 86 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ട് തകർക്കാൻ ഒടുവിൽ റാഷിദ് ഖാൻ വരേണ്ടി വന്നു. 27 പന്തുകളിൽ 38 റൺസെടുത്ത സ്റ്റോയിനിസിനെ റാഷിദ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

മൂന്നാം നമ്പറിൽ ശ്രേയാസ് അയ്യർ എത്തി. പങ്കാളി മടങ്ങിയിട്ടും ആക്രമണം തുടർന്ന ധവാൻ 26 പന്തുകളിൽ തൻ്റെ ഫിഫ്റ്റി തികച്ചു. രണ്ടാം വിക്കറ്റിൽ അയ്യർ-ധവാൻ സഖ്യം 40 റൺസാണ് കണ്ടെത്തിയത്. 20 പന്തുകളിൽ 21 റൺസെടുത്ത അയ്യരെ മനീഷ് പാണ്ഡെയുടെ കൈകളിൽ എത്തിച്ച ജേസൻ ഹോൾഡർ ഈ കൂട്ടുകെട്ട് പൊളിച്ചു.

നാലാം നമ്പറിലെത്തിയ ഷിംറോൺ ഹെട്‌മെയർ വിസ്ഫോടനാത്മക ബാറ്റിംഗ് ആണ് കാഴ്ച വെച്ചത്. ഗ്രൗണ്ടിൻ്റെ നാല് ഭാഗത്തേക്കും ബൗണ്ടറികൾ കണ്ടെത്തിയ ഹെട്‌മെയർ അനായാസമാണ് സ്കോർ ചെയ്തത്. ഇതിനിടെ ധവാൻ മടങ്ങി. 50 പന്തുകളിൽ 78 റൺസെടുത്ത ധവാനെ സന്ദീപ് ശർമ്മ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഹെട്‌മെയറുമൊത്ത് 51 റൺസിൻ്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായി. അവസാന രണ്ട് ഓവറുകൾ ഗംഭീരമായി എറിഞ്ഞ സന്ദീപ് ശർമ്മയും നടരാജനും ചേർന്ന് 200 കടക്കുന്നതിൽ നിന്ന് ഡൽഹിയെ തടയുകയായിരുന്നു. അവസാന രണ്ട് ഓവറിൽ 13 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. ധവാൻ്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ഷിംറോൺ ഹെട്‌മെയർ (42), ഋഷഭ് പന്ത് (2) എന്നിവർ പുറത്താവാതെ നിന്നു.