കൊട്ടിയത്ത് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം :നടിയും കുടുംബവും മുങ്ങി

ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിരിക്കെയാണ് നടിയും കുടുംബവും മുങ്ങിയിരിക്കുന്നത്

കൊട്ടിയത്ത് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം :നടിയും കുടുംബവും മുങ്ങി


കൊല്ലം ജില്ലയിലെ കൊട്ടിയത്ത് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപെട്ടു ചോദ്യം ചെയ്യാനിരുന്ന സീരിയൽ നടിയും കുടുംബവും മുങ്ങി. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിരിക്കെയാണ് നടിയും കുടുംബവും മുങ്ങിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാഞ്ഞതിനെ തുടർന്ന് പൊലീസ് കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയുംഇവരെ കണ്ടെത്താനായില്ല. നടിയുടെയും കുടുംബത്തിന്‍റെയും മുഴുവൻ ഫോണുകളും ഇപ്പോൾ സ്വിച്ച് ഓഫിലാണ്.

കൊട്ടിയത്ത് റംസിയ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് സീരിയല്‍ നടിയായ ലക്ഷ്മി പ്രമോദിനെയാണ് വീണ്ടും ചോദ്യം ചെയ്യാനിരുന്നത്.കേസുമായി ബന്ധപെട്ടു ഇപ്പോൾ റിമാന്‍ഡിലുള്ള മുഖ്യ പ്രതി ഹാരിസിന്റെ ജ്യേഷ്ഠന്‍റെ ഭാര്യയാണ് സീരിയല്‍ നടി. ഹാരിസുമായാണ് പെണ്‍കുട്ടിക്ക് വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്മാറുകയും മറ്റൊരു വിവാഹത്തിനൊരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. ഹാരിസിന്‍റെ കുടുംബത്തെ മൂന്നുദിവസം മുമ്പ് പൊലീസ് ചോദ്യം ചെയ്തിരുന്നതാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യം ചെയ്തത്. രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ഇവരെ പൊലീസ് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും, ഇതുവരെ ഹാജരായിട്ടില്ല. ഹാജരാകാന്‍ അസൗകര്യമുണ്ടെന്നാണ് ഇവർ അറിയിച്ചിരുന്നത്. സ്ത്രീകളായതിനാല്‍ ഹാജരാകാന്‍ കഴിയില്ല എന്ന അവരുടെ അസൗകര്യം പൊലീസ് അംഗീകരിക്കുകയായിരുന്നു. അതേസമയം, രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിട്ടുണ്ട്. അതിന് വേണ്ടി കൂടുംബത്തിന്റെ ഫോണുകളില്‍ മാറി മാറി ബന്ധപ്പെട്ടെങ്കിലും എല്ലാ ഫോണുകളും സ്വിച്ച്ഓഫ് ആയിരിക്കുകയാണ്. തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ഇവരുടെ താമസസ്ഥലത്ത് എത്തിയെങ്കിലും പൊലീസിന് ഇവരെ കണ്ടെത്താന്‍ ആയില്ല.രണ്ടു സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. സീരിയല്‍ നടിയായ ലക്ഷ്മി പ്രമോദിന്റെ മൊബൈല്‍ ഫോൺ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരിസിന്റെ സഹോദരന്റെയും ഭാര്യയുടെയും ഒപ്പം മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുക്കാനിരിക്കുകയായിരുന്നു. അന്വേഷണത്തിനായി കൊട്ടിയം കണ്ണനല്ലൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂര്‍ എ.സി.പി നിയോഗിച്ചിരുന്നു. ഒന്‍പതംഗ സംഘത്തില്‍ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബര്‍ വിദഗ്ധരുമുണ്ട്. ആത്മഹത്യ പ്രേരണ, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും പെണ്‍കുട്ടിയും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് റംസിയയുടെ രക്ഷിതാക്കളുടെ പരാതി. ഇതിനിടെ, യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്‍റെ തെളിവുകൾ പൊലീസിന് കണ്ടെടുത്തിരുന്നു. 2019 ജൂലൈയിൽ ഹാരിസും ബന്ധുക്കളും ചേർന്ന് ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായി യുവതിയെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയി. ഇക്കാര്യത്തിൽ മുഖ്യ പങ്കു വഹിച്ചത് ഹാരിസിന്‍റെ ബന്ധുവായ സീരിയൽ നടിയായിരുന്നു.ഹാരിസിന്‍റെ ബന്ധുവായ സീരിയൽ നടിയുടെ ഷൂട്ടിങിന് കൂട്ട് പോകണം എന്നു പറഞ്ഞാണ് യുവതിയെ പ്രതിശ്രുത വരനും ബന്ധുക്കളും കൊണ്ടുപോയത്. ഈ സമയത്ത് പെൺകുട്ടി രണ്ട് മാസം ഗർഭിണിയായിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷൂട്ടിങ്ങിനായി പോകുമ്പോൾ പലപ്പോഴും റംസിയെയും നടി കൂടെ കൂട്ടുമായിരുന്നു. കുഞ്ഞിനെ നോക്കണമെന്നും കൂട്ടിനാണെന്നും പറഞ്ഞാണ് കൊണ്ടു പോയിരുന്നത്. ദിവസങ്ങൾക്കു ശേഷം ഹാരീസിനൊപ്പമാണ് പറഞ്ഞയ്ക്കുക. ഗര്‍ഭച്ഛിദ്രം നടത്താൻ അവളെ കൊണ്ടുപോയത് സീരിയൽ നടിയായിരുന്നു. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് ഗർഭം സ്ഥിരീകരിച്ചത്. ഇതിന്‍റെ രേഖകൾ പൊലീസ് ശേഖരിക്കുകയുണ്ടായി. പ്രതിയുടെ മാതാപിതാക്കളിലേക്കും സീരിയൽ നടിയായ സഹോദര ഭാര്യയിലേക്കും കേസന്വേഷണം നടക്കുന്നതിനിടെയാണ് നടി കുടുംബത്തോടെ മുങ്ങിയിരിക്കുന്നത്. വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം വാഗ്ദാന ലംഘനം നടത്തുകയും റംസി യെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ പ്രമുഖ സീരിയൽ നടിയുടെ പങ്ക് അന്വേഷിക്കണമെന്ന് റംസിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നതാണ്.