പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന് ഇനി ആനവണ്ടിയും ; ഡബിള്‍ ഡെക്കറില്‍ ഫോട്ടോ ഷൂട്ട് ആരംഭിച്ച്‌ കെഎസ്‌ആര്‍ടിസി

4000 രൂപയ്ക്ക് ഡബിൽ ഡെക്കറിൽ വെഡിങ് ഫോട്ടോഷൂട്ട് നടത്താം...

പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന് ഇനി ആനവണ്ടിയും ; ഡബിള്‍ ഡെക്കറില്‍ ഫോട്ടോ ഷൂട്ട് ആരംഭിച്ച്‌ കെഎസ്‌ആര്‍ടിസി


തിരുവനന്തപുരം: വിവാഹ ഫോട്ടോ ഷൂട്ടിനും പ്രീ വെഡ്ഡിംഗ്, സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനുമല്ലാം ഇനി ലൊക്കേഷന്‍ തേടി അലയേണ്ടതില്ല.

കെഎസ്ആർടിസി ആവിഷ്കരിച്ച ഡബിൽ ഡെക്കർ ഫോട്ടോഷൂട്ട് പദ്ധതിക്ക് മികച്ച പിന്തുണ. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച തിരുവനന്തപുരം വാമനപുരം സ്വദേശി ​ഗണേഷും ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന ന​ഗരയിൽ രാജപ്രൗഡിയിൽ സർവീസ് നടത്തിയ ഡബിൽ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്.

എട്ടു മണിക്കൂറിന് 4000 രൂപ വാടക നൽകിയാൽ 50 കിലോമീറ്റർ ദൂരത്തിൽ ഈ സർവീസ് ഉപയോ​ഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകൾക്ക് അധിക വാടക കൂടി നൽകണം. വരുന്ന ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്റുമാർക്കും ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മീഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. 

കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാന വർധനവിന് വേണ്ടിയാണ് ഇത്തരം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ഈ ബസിൽ  വിവാഹ പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾ, ബർത്ത്ഡേ ഉൾപ്പെടെയുള്ള പാർട്ടികൾക്കും വാടകയ്ക്ക് നൽകും. 

ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബങ്ങളോടൊപ്പമുള്ള യാത്രയ്ക്കുമായി അവസരം. ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് ടൂറിന്റെ മാതൃകയിൽ ആണ് കെഎസ്ആർടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്.