പൊന്നും പണവും വേണ്ട;പകരം മഹറായി വധു ആവശ്യപ്പെട്ടത് ഇന്ത്യൻ ഭരണഘടന.

മഹര്‍ നല്‍കി വധുവിന്റെ വായനാലോകത്തെ വിശാലമാക്കി  വരന്‍ ഇജാസ് ഹക്കിം.

പൊന്നും പണവും വേണ്ട;പകരം മഹറായി വധു ആവശ്യപ്പെട്ടത്  ഇന്ത്യൻ ഭരണഘടന.


കൊല്ലം: മഹര്‍ നല്‍കി വധുവിന്റെ വായനാലോകത്തെ വിശാലമാക്കി  വരന്‍ ഇജാസ് ഹക്കിം. ഇസ്ലാംമതത്തില്‍ വധുവിന് വരന്‍ നല്‍കുന്ന സമ്മാനമാണ് മഹര്‍. പൊതുവേ സ്വര്‍ണ്ണം വസ്ത്രം എന്നിവയാണ് മഹറായി നല്‍കാറുള്ളത്.

എന്നാല്‍ കൊല്ലം ചടയമംഗലത്തുള്ള അജ്ന നസീം പുതുമണവാളനോട് ആവശ്യപ്പെട്ടത് പുസ്തകങ്ങളായിരുന്നു. ‘പൊന്നും പണവും മഹര്‍മാലയും വേണ്ട, പകരം മഹറായി പുസ്തകങ്ങള്‍ മതി’; വായനയോടും പുസ്തകങ്ങളോടും അടങ്ങാത്ത പ്രണയമുള്ള അജ്‌ന വിവാഹിതയാകാന്‍ ആഗ്രഹിച്ചപ്പോള്‍ പുതുമാരനായ ഇജാസിനോട് അവള്‍ ആവശ്യപ്പെട്ടത് ഈയൊരു കാര്യം മാത്രം.

ഒന്നും രണ്ടുമല്ല 100  പുസ്തകങ്ങള്‍ എന്തൊക്കെ പുസ്തകങ്ങളാണ് വേണ്ടതെന്ന  ചോദ്യത്തിന് ഇന്ത്യന്‍ ഭരണഘടന എന്നായിരുന്നു അജ്നയുടെ ആദ്യ ഉത്തരം. മതത്തിന്റെ പേരില്‍ പൗരന്‍മാരെ രണ്ടായി കാണുന്ന കാലത്ത്, ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് എത്രയും വേഗത്തില്‍ വായിച്ചു മനസ്സിലാക്കേണ്ടത് 130 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനതയുടെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടന തന്നെയെന്ന് അധ്യാപികയാവാന്‍ പഠിക്കുന്ന അജ്ന ഉറച്ചുവിശ്വസിക്കുന്നു.  ഖുറാനും ബൈബിളും ഭഗവദ് ഗീതയും ഉള്‍പ്പെടെ 100  പുസ്തകങ്ങളാണ് നിക്കാഹിന്റെ അന്ന് അജ്നയ്ക്കായി  ഇജാസ് ഒരുക്കി വെച്ചത്.