രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 118,226 പേര്‍ക്ക്

മരണം 3500 കവിഞ്ഞു.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 118,226 പേര്‍ക്ക്


ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നു. മരണം 3500 കവിഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം 5000ത്തിന് മുകളിലാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. 118,226 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗം ബാധിച്ചത്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും യാതൊരു നിയന്ത്രണവും ഇല്ലാത്ത വിധത്തിലാണ് കോവിഡ് പടര്‍ന്നുപിടിക്കുന്നത്.

രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ അര ലക്ഷത്തിലേക്ക് കടക്കുമെന്ന വിധത്തിലാണ് കാര്യങ്ങള്‍. ഡല്‍ഹിയില്‍ തുടര്‍ച്ചയായി 3 ദിവസങ്ങളില്‍ അഞ്ഞൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

40.32 ശതമാനം ആണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്. വ്യാഴാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 555 ലാബുകളിലായി 26,15,920 സാപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത് 1,03,532 സാംപിളുകളാണ്. നിലവില്‍ 391 സര്‍ക്കാര്‍ ലാബുകളിലും 164 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധന സൗകര്യമുള്ളത്. രാജ്യത്ത് 3027 ഓളം കോവിഡ് ആശുപത്രികളും കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാക്കി. ഇതിനു പുറമെ 7,013 കോവിഡ് കെയര്‍ കേന്ദ്രങ്ങളും കണ്ടെത്തി. സംസ്ഥാനങ്ങള്‍ക്കായി 65 ലക്ഷം പിപിഇ കിറ്റുകളും, 101.07 ലക്ഷം എന്‍95 മാസ്‌കുകളുമാണ് കേന്ദ്രം വിതരണം ചെയ്തത്.

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 776 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച്‌ ഇന്ന് മാത്രം ഏഴ് പേര്‍ മരിച്ചു. രോഗം ബാധിച്ച്‌ ഇതുവരെ മരിച്ചവരുടെ എണ്ണം 94 ആയി. ചെന്നൈയില്‍ മാത്രം ഇന്ന് 567 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തിയതാണ്. ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തിയ രണ്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജധാനി എക്സ്‌പ്രസിലാണ് ഇവര്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയത്. തേനി, തെങ്കാശി അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപന നിരക്കില്‍ ഗുജറാത്തിന് മുന്നിലെത്തിയ തമിഴ്‌നാട്ടില്‍ 12448 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ഔദ്യോഗികവിവരം.

പ്രതിദിനം അയ്യായിരത്തിന് മേല്‍ വര്‍ധനയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 5609 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച്‌ ഇതുവരെ 3435 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 132 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 63624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 45299 പേര്‍ക്ക് രോഗം ഭേദമായി.

കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പുതുതായി 2345 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 41,000 കടന്നു. വ്യാഴാഴ്ച 64 പേര്‍ കൂടി മരിച്ചു. മുംബൈയില്‍ അതിവേഗമാണ് രോഗം പടരുന്നത്. 1382 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു; കോവിഡ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 41 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1454 ആയി. മഹാരാഷ്ട്രാ പൊലീസിലെ രണ്ട് പേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിക്കുന്ന പൊലീസുകാരുടെ എണ്ണം 14 ആയി. വൈറസ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം സംസ്ഥാനത്ത് 1400-ലേക്ക് അടുക്കുകയാണ്. ധാരാവി ചേരിപ്രദേശത്ത് വ്യാഴാഴ്ച 47 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധിതര്‍ 1452 ആയി.

ഡല്‍ഹിയില്‍ വ്യാഴാഴ്ച പുതുതായി 571 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസത്തെ ഉയര്‍ന്നനിരക്കാണിത്. 18 പേര്‍ മരിച്ചു.

മെട്രോ സര്‍വീസ് ഒഴികെയുള്ള പൊതുഗതാഗതം വീണ്ടും ആരംഭിച്ച്‌ നഗരം സാധാരണജീവിതത്തിലേക്ക് മടങ്ങുന്നവേളയില്‍ കേസുകളുടെ എണ്ണം പ്രതിദിനം കൂടുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വൈകാതെ മെട്രോയും പുനരാരംഭിക്കുമെന്നാണ് വിവരം. ഇതോടെ കോവിഡ്‌വ്യാപനം രൂക്ഷമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍, കേസുകള്‍ കൂടിയാലും പ്രതിരോധനടപടികള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍, 5,898 രോഗികളാണ് ഡല്‍ഹിയിലുള്ളത്. 5,567 പേര്‍ രോഗമുക്തി നേടിക്കഴിഞ്ഞു.

ഗുജറാത്തില്‍ വ്യാഴാഴ്ച 371 പേര്‍ക്കുകൂടി കോവിഡ് കണ്ടെത്തി. 24 പേര്‍ കൂടി മരിച്ചു. സംസ്ഥാനത്ത് 269 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദപ്പെട്ടവരുടെ ആകെ എണ്ണം 5488 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 9449 പേര്‍ അഹമ്മദാബാദിലാണ്-വ്യാഴാഴ്ച 233 പേരിലാണ് ഇവിടെ വൈറസ് കണ്ടെത്തിയത്. 17 പേര്‍ കൂടി മരിച്ചതോടെ അഹമ്മദാബാദിലെ മരണം 619 ആയി.

മഹാരാഷ്ട്ര അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകത്തില്‍ തിരിച്ചെത്തുന്നവരില്‍ കോവിഡ് ബാധ കണ്ടെത്തുന്നത് തുടരുകയാണ്. സംസ്ഥാനത്ത് 143 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് ഉഡുപ്പിയിലെത്തിയ അറുപതുകാരിക്കും രോഗം സ്ഥിരീകരിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 80 പേരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. രോഗികളുടെ എണ്ണം 1605 കടന്നെങ്കിലും 571 പേര്‍ രോഗംമാറി ആശുപത്രി വിട്ടു.