പാക് വിമാനം തകര്‍ന്ന് വീഴുന്നതിന് മുമ്പ് പൈലറ്റ് പറഞ്ഞത്; ഓഡിയോ പുറത്ത്‌.

വിമാനം ഇറങ്ങേണ്ടതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെടുകയായിരുന്നു.

പാക് വിമാനം തകര്‍ന്ന് വീഴുന്നതിന് മുമ്പ് പൈലറ്റ് പറഞ്ഞത്; ഓഡിയോ പുറത്ത്‌.


കറാച്ചി: പാകിസ്ഥാനിലുണ്ടായ വിമാനപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായ് നടത്തിയ സംഭാഷണം പുറത്ത്. വിമാനയാത്രയില്‍ അപകടം സൂചിപ്പിക്കുന്ന 'മെയ് ഡേ' എന്ന കോഡ് വാക്ക് പൈലറ്റ് ഉപയോഗിക്കുന്നത് ഓഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളും വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

liveatc.nte എന്ന വെബ്‌സൈറ്റാണ് ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും തകരാറിലായതായി പൈലറ്റ് പറയുന്നതും ശബ്ദരേഖയിലുണ്ട്.

എന്‍ജിനുകളുടെ തകരാര്‍ മൂലം ലാന്‍ഡിംഗ് പരാജയപ്പെട്ടതാണ് അപകടകാരണമെന്നും ഇതോടെ വ്യക്തമായി. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനം ഇറങ്ങേണ്ടതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെടുകയായിരുന്നു.

സംഭാഷണം :

പൈലറ്റ്: PK 8303 ടു അപ്രോച്ച്‌
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (ATC): ശരി സര്‍
പൈലറ്റ്: ഞങ്ങള്‍ ഇടത്തോട്ടാണോ തിരിയേണ്ടത്?
ATC: കണ്‍ഫേംഡ്
പൈലറ്റ്: ഞങ്ങള്‍ നേരെ ഇറങ്ങുകയാണ്, രണ്ട് എഞ്ചിനുകളും തകരാറിലായി.
ATC: ഇടിച്ചിറക്കുകയാണെന്ന് ഉറപ്പാണോ? (Belly Landing എന്ന വാക്കാണ് ഉപയോഗിക്കുന്നത്, അടിയന്തരമായി വിമാനം നിലത്തിറക്കുന്നതിനെ വിശേഷിപ്പിക്കുന്ന വാക്കാണത്)
പൈലറ്റ്: (മറുപടി വ്യക്തമല്ല)
ATC: 2 5 റണ്‍വേ ലാന്‍ഡ് ചെയ്യാന്‍ ലഭ്യമാണ്
പൈലറ്റ്: റോജര്‍ (പറഞ്ഞത് മനസ്സിലായെന്നും, കോപ്പി എന്നതിനും ഉപയോഗിക്കുന്ന കോഡ് വാക്ക്)
പൈലറ്റ്: സര്‍, മെയ് ഡേ, മെയ് ഡേ, മെയ് ഡേ, പാകിസ്ഥാന്‍ 8303
ATC: പാകിസ്ഥാന്‍ 8303, റോജര്‍ സര്‍, രണ്ട് റണ്‍വേകള്‍ ലാന്‍ഡ് ചെയ്യാന്‍ ലഭ്യമാണ്.

ഇതോടെ ആശയവിനിമയം അവസാനിക്കുന്നു. സെക്കന്‍റുകള്‍ക്കുള്ളില്‍ കറാച്ചിയിലെ ജിന്ന മോഡല്‍ സിറ്റി കോളനിയിലേക്ക് വിമാനം ഇടിച്ചിറങ്ങി. നിരവധിപ്പേര്‍ മരിച്ചെന്നാണ് സംശയം. എന്നാല്‍ കൃത്യമായി എത്ര പേര്‍ മരിച്ചെന്ന കണക്ക് ഇതുവരെ പാകിസ്ഥാന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.