വെറുപ്പിൻ്റെ രാഷ്ട്രീയം ജനാധിപത്യത്തിന് ഭൂഷണമല്ല ; ഡോ.എം.സി.ദിലീപ് കുമാർ

വെറുപ്പിൻ്റെ രാഷ്ട്രീയം ജനാധിപത്യത്തിന് ഭൂഷണമല്ല ; ഡോ.എം.സി.ദിലീപ് കുമാർ


ജനാധിപത്യത്തിൽ ചില മര്യാദകൾ പാലിയ്ക്കപ്പെടേണ്ടതായിട്ടുണ്ട്. അതിൽ വെറുപ്പി ൻ്റെ രാഷ്ടീയത്തിനു സ്ഥാനമില്ല. അധികാരം കൈയ്യിലുള്ളപ്പോൾ അഹംഭാവം വർദ്ധിക്കുന്നത് അപലപനീയം തന്നെയാണ്.ഏതു രാഷ്ടീയകക്ഷി എന്നോ, ഏതു വിശ്വാസിയെന്നോ അവിശ്വാസിയെന്നോ എന്ന കാര്യത്തിൽ പാർലമെൻ്ററി ജനാധിപത്യത്തിൽ സ്ഥാനമില്ല. വിശ്വസിക്കുന്നവരേപ്പോലെ അവിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യവും ഇൻഡ്യൻ ഭരണഘടന പ്രകാരം നമുക്ക് ലഭിച്ചിട്ടുണ്ട്. അവിശ്വാസവും ഒരു തരത്തിലുള്ള വിശ്വാസം തന്നെയാണ്. ആനുകാലിക വിഷയങ്ങളിൽ നമ്മുടെ പാർലമെൻ്റിലും നിയമസഭയിലും നടക്കുന്ന ചർച്ചകൾ മര്യാദയുടെ അതിർവരമ്പുകൾ ഭേദിയ്ക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിയമസഭയിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ ആർക്കെതിരെയാണ് എന്ന് മനസ്സിലാക്കണം.തന്നേപ്പോലെ തന്നെ ജനവിധി നേടി വന്നവർക്കെതിരെയാണെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതായിട്ടുണ്ട്

അകാലത്തിൽ അകാരണമായി കൊലചെയ്യപ്പെട്ട ശരത് ലാലും കൃപേഷും വെറുപ്പിൻ്റെ രാഷ്ട്രീയത്തിൻ്റെ ഇരകളായി മാറുമ്പോൾ മക്കളെ നഷ്ടപ്പെട്ടവരുടെ കണ്ണനീരിൻ്റെ വില അദ്ദേഹം മനസ്സിലാക്കേണ്ടതായിരുന്നു. സി.ബി.ഐ അന്വേഷണം എന്തു കൊണ്ട് അദ്ദേഹം എതിർക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ സ്വാന്ത്വനത്തിൻ്റെ വാക്കു പോലും ഉച്ചരിക്കാതെ ഇരകൾക്കെതിരെ പ്രതികരിക്കുന്നതു ഭൂഷണമല്ല, രണ്ടു തരം കേസ്സുകളാണ് സാധാരണയായി ഉള്ളത്.സ്വകാര്യ ഹർജിയും സർക്കാർ നടത്തേണ്ട പൊതുതാൽപര്യ ഹർജിയും.ഇവിടെ ശരത് ലാലിൻ്റേയും കൃപേഷിൻ്റേയും കേസ്സുകൾ നീതിപൂർവം നടത്തേണ്ടത് സർക്കാർ തന്നെയാണ്. ഇരകളുടെ ബന്ധുക്കൾക്ക് നീതി നേടിക്കൊടുക്കേണ്ടവർ തന്നെ  അതിനെതിരെ നിൽക്കുന്ന കാഴ്ച നമ്മെ അമ്പരിപ്പിയ്ക്കുന്നു.

കേരളത്തിൻ്റെ ജുഡീഷ്യൽ സംവിധാനത്തിൽ നൂറിലധികം  സർക്കാർ വക്കീലന്മാരും ഒരു അഡ്വക്കേറ്റ് ജനറലും രണ്ട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മാരും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷനും ,സ്റ്റേറ്റ് അറ്റോർണി ജനറലുമുള്ളപ്പോൾ അവരെയെല്ലാം മറികടന്നു കൊണ്ട് ഡൽഹിയിൽ നിന്നും അഡ്വ.അമരേന്ദ്ര ശരണിനെയും അഡ്വ.വിജയ് ഹൻസാരിയയേയും ലക്ഷങ്ങൾ മുടക്കി നീതി ലഭിക്കേണ്ടവർക്കെതിരെ (കൃപേഷിൻ്റേയും ശരത് ലാലിൻ്റേയും കുടുംബാംഗങ്ങൾ)വക്കാലത്തിനായി കൊണ്ടുവന്നത് നീതീകരിയ്ക്കാവുന്നതല്ല.ഇതിൽ നിന്നും മനസ്സിലാകുന്നത് ഇവിടുത്തെ അഡ്വക്കേറ്റ് ജനറലിൽ പോലും മുഖ്യമന്ത്രിക്കോ സർക്കാരിനോ വാശ്വാസമില്ല എന്നതാണ്.

സർക്കാർ വക്കീലന്മാർക്കും അഡ്വക്കേറ്റ് ജനറൽ മാർ അടക്കമുള്ളവർക്കും അവരുടെ ഓഫീസ് സംവിധാനത്തിനുമായി ഒരു വർഷത്തെ ചിലവ്  27 കോടിയിലധികമാണ്. സീനിയർ ഗവൺമെൻ്റ് പ്ലീഡർ 1ലക്ഷത്തി ഇരുപതിനായിരം ,സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ 1 ലക്ഷത്തിപ്പതിനായിരം, ഗവൺമെൻ്റ് പ്ലീഡർ 1 ലക്ഷം എന്നിങ്ങനെ ശമ്പളം വാങ്ങുന്നവരുള്ളപ്പോൾ ഇതുകൂടാതെ ഡൽഹിയിൽ നിന്നും കൊണ്ടുവരുന്നവർക്കായി ലക്ഷങ്ങളും. ഒരു കാരണവശാലും ഇത് ന്യായീകരിക്കുവാൻ കഴിയില്ല.മാത്രമല്ല സി.ബി.ഐ അന്വേഷണം വേണമെന്ന മക്കളെ നഷ്ടപ്പെട്ടവരുടെ അപേക്ഷകൾക്കെതിരെ സർക്കാർ എന്തിനു നില കൊള്ളുന്നു.ഇവിടെയാണ് ഈ കേസ്സ് അട്ടിമറിയ്ക്കപ്പെടുന്നു എന്ന ഭയം ജനങ്ങൾക്ക് ഉണ്ടാകുന്നത് .സിങ്കിൾ ജഡ്ജിയുടെ തീരുമാനം അട്ടിമറിക്കുവാൻ ഡിവിഷൻ ബഞ്ചിനെ സമീപിച്ച സർക്കാർ ആർക്കൊപ്പമാണ്. പ്രതികൾക്കൊപ്പമല്ലേ? ഇരയെക്കാപ്പമല്ലല്ലോ?സി.ബി.ഐ അന്വേഷണം ആരംഭിച്ചതാണല്ലൊ. ഈ തീരുമാനത്തിനു സ്റ്റേയുമില്ല. അന്വേഷണം തുടരുവാൻ സിബിഐയെ സഹായിക്കുകയാണ് വേണ്ടത്.

പ്രതി പക്ഷ ബഹുമാനമില്ലാത്ത ഭരണം ജനാധിപത്യ വിരുദ്ധമാണ്.  ഇൻഡ്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജവഹർലാൽ നെഹറു വിൻ്റെ കാലത്ത് അദ്ദേഹം ഒരിയ്ക്കൽ വിദേശ പര്യടനത്തിലായിരുന്നു.പര്യടനത്തിനിടയിൽ അദ്ദേഹത്തിനൊരറിയിപ്പു ലഭിക്കുന്നു " അന്നത്തെ പ്രതിപക്ഷ നേതാവായ ശ്രീ എ.കെ.ഗോപാലനെ അസുഖത്താൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നു" നെഹ്റു പറയുന്നു. എൻ്റെ പ്രതിപക്ഷ നേതാവ് സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിയ്ക്കപ്പെട്ടിരിയ്ക്കുന്നു. എൻ്റെ സാമീപ്യം അദ്ദേഹത്തിനാവശ്യമാണ്.വിദേശയാത്ര വെട്ടിച്ചുരുക്കി നെഹ്റു ഇൻഡ്യയിലേക്ക് തിരിക്കുന്നു. പ്രതിപക്ഷ നേതാവിനടുത്തേക്ക്. ഇതായിരുന്നു അന്നത്തെ സംസ്കാരം.ഇന്നു വെറുപ്പിൻ്റെ രാഷ്ടീയം വളർന്നു വരുന്നു.ജനങ്ങൾ ലജ്ജിച്ചു തലതാഴ്ത്തുന്നു.


(കാലടി,കണ്ണൂർ സർവ്വകലാശാലാ മുൻ വൈസ് ചാൻസലറും ,കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാനുമാണ് ലേഖകൻ)