ഇന്ന് മഹാ ശിവരാത്രി.

മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി പഞ്ചാക്ഷരീ മന്ത്രത്താൽ ഭക്തലക്ഷങ്ങൾ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി.

ഇന്ന് മഹാ ശിവരാത്രി.


മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി പഞ്ചാക്ഷരീ മന്ത്രത്താൽ ഭക്തലക്ഷങ്ങൾ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന 3  നേത്രങ്ങൾ ഉള്ളതിനാൽ ഭഗവാൻ  മുക്കണ്ണനായി. പുലിത്തോലണിഞ്ഞവനും പന്നഗഭൂഷണനും ഭസ്മാലംകൃതനുമായ ശിവൻ ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും ആത്മജ്ഞാനത്തിന്റെയും മൂര്‍ത്തിയായ ജഗദ്ഗുരുവും ജഗത്പതിയുമാണ്.
ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ വർഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ഭാരതം മുഴുവൻ ‍ശിവരാത്രിയായി ആഘോഷിക്കുന്നു.

ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കവും യുദ്ധവുമാണ് ശിവപുരാണത്തിലെ ഐതിഹ്യത്തിന്റെ പ്രധാന പൊരുൾ. പാലാഴിമഥനവുമായ ബന്ധപ്പെട്ട കഥയാണ് ഇതിലുള്ളത്. ജരാനര ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അമൃത് കടഞ്ഞെടുക്കുന്നതിന് മന്ഥര പര്‍വതത്തെ മത്തായും സര്‍പ്പശ്രേഷ്ഠനായ വാസുകിയെ കയറായും ഉപയോഗിച്ചു.

ദേവന്മാരും അസുരന്മാരും ചേര്‍ന്നുള്ള കടച്ചിൽ പുരോഗമിച്ചപ്പോൾ വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു. വിഷം ഭൂമിയിൽ പതിച്ചാൽ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നിൽക്കണ്ട് പരമശിവൻ ആ വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങൾ രാത്രി മുഴുവൻ ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവത്രേ. മാഘമാസത്തിലെ ചതുര്‍ദശി ദിവസം ആണ് ഇത് സംഭവിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഞാനെന്ന അഹങ്കാരത്താൽ  മനസ്സിനും ബുദ്ധിക്കും ജരാനരകൾ ബാധിച്ച മനുഷ്യനെ അതിൽനിന്ന് മോചിപ്പിക്കാനായി ഭഗവാനു നൽ‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയിൽ മനനം ചെയ്യുമ്പോൾ‍ ദുര്‍വികാരങ്ങൾ‍ക്ക് അടിപ്പെട്ട മനസ്സിൽനിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാൽ ഭയപ്പെടാതെ അത് ഈശ്വരനിൽ സമര്‍പ്പിച്ചാൽ ഈശ്വരൻ അതു സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയിൽ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സർവ ജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ- ശാന്തിമയമാക്കുന്നു.