ഇന്ന് മാതൃ ദിനം.

അമ്മ എന്ന വാക്കിന്‍റെ മഹത്വം വിളിച്ചോതുന്ന ദിനം.

ഇന്ന് മാതൃ ദിനം.


സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മയെക്കുറിച്ച് ചിന്തിക്കേണ്ട ദിനമാണ് മദേഴ്സ് ഡേ. മാതൃത്വത്തിന്‍റെ മഹനീയ ഭാവമായ അമ്മ എന്ന വാക്കിന്‍റെ മഹത്വം വിളിച്ചോതുന്ന ദിനം. ആ ദിനത്തില്‍ അമ്മയെ സ്നേഹത്തിന്‍റെ ഉപഹാരങ്ങള്‍ കൊണ്ട് മൂടുന്നു. 

മേയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. സ്വയം കത്തിയെരിഞ്ഞ് കുടുംബത്തിന് വെളിച്ചമാകുന്ന അമ്മമാരോട് സ്നേഹവും ആദരവും പ്രകടിപ്പിക്കേണ്ട ദിനമാണ് അത്. പ്രതിഫലം ഇച്ഛിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അമ്മമാരുടെയും അമ്മുമ്മമാരുടെയും ജന്മം ആദരണീയമാണ്.  പല രാജ്യങ്ങളിലും മദേഴ്സ് ഡേ പലദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഈ ദിവസം കുട്ടികള്‍ കാര്‍ഡുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ അമ്മമാര്‍ക്ക് സമ്മാനിക്കും. പുരാതന ഗ്രീസിലെ ഒരു സ്കൂളാണ് അമ്മമാരെ ആദരിക്കുന്ന ആചാരം തുടങ്ങിവച്ചത്. എന്നാല്‍ മദേഴ്സ് ഡേ ആഘോഷിക്കുന്നതിന്‍റെ തുടക്കത്തെക്കുറിച്ച് പല കഥകളാണ്. 

ഏഷ്യാ മൈനറില്‍ ദൈവങ്ങളുടെ മാതാവായ സൈബബെലയെയും ക്രോണസിന്‍റെ ഭാര്യയായ റിയയെയും ആരാധിച്ചുകൊണ്ട് മാതൃ ആരാധനയെന്ന ഉത്സവം നടത്തിയിരുന്നു. ഈ ആചാരം ലോകമെങ്ങും വ്യാപിച്ചതയാണ് കരുതപ്പെടുന്നത്.1600 കളില്‍ ബ്രിട്ടനില്‍ മദറിംഗ് സണ്‍ഡേ ഏപ്രില്‍ മാസങ്ങളിലായി ആചരിച്ചിരുന്നു. നൂറു കണക്കിന് വര്‍ഷങ്ങളായി ഇത് ആഘോഷിച്ചു വരുന്നുവെന്നല്ലാതെ ഇതിന്‍റെ ഉത്ഭവത്തെക്കുറിച്ച് അറിവില്ല.

ബ്രിട്ടനില്‍ കുടുംബത്തില്‍ നിന്നും മാറിക്കഴിഞ്ഞിരുന്ന കുട്ടികള്‍ അമ്മയോടൊപ്പം ഒത്തുചേരാന്‍ വരുന്ന ദിനമായിരുന്നു അത്. അമേരിക്കയില്‍ മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മദേഴ്സ് ഡേയായി ആഘോഷിക്കുന്നു. 

പാശ്ഛാത്യ സംസ്കാരത്തിന്‍റെ കടന്നു കയറ്റത്തില്‍ നിന്നാണ് ഇന്ത്യയിലേക്കും ഈ ആചാരം വന്നത്. 1908 വരെ അമേരിക്കയില്‍ ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഗ്രീസിലെപ്പോലെ റിയ ദേവതയെ ആരാധിക്കുന്ന ചടങ്ങുണ്ടായിരുന്നു. 1908ല്‍ വെസ്റ്റ് വെര്‍ജീനിയക്കാരിയായ അനാജാര്‍വിസ് ആണ് നാഷണല്‍ മദേഴ്സ് ഡേ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. അമ്മയുടെ നാടായ വെസ്റ്റ് വെര്‍ജിനിലെ ഗ്രാഫ്റ്റണില്‍ പള്ളിയില്‍ അവരുടെ ചരമദിനത്തിനാണ് മാതൃദിനാചരണം തുടങ്ങി വയ്ക്കാന്‍ അവര്‍ക്ക് പ്രേരണയായി. അമ്മയുടെ മരണവാര്‍ഷികം മദേഴ്സ് ഡേയായി 1908 മേയ് 10 മുതല്‍ ആചരിച്ചു. 

മദേഴ്സ് ഡേ ഒരു ദേശീയ ആഘോഷമാക്കുന്നതിനായി അനാജാര്‍വിസ് പരിശ്രമിച്ചു. 1914ല്‍ പ്രസിഡന്‍റ് വുഡ്ഗോവില്‍സന്‍ മദേഴ്സ് ഡേ ദേശീയ ഉത്സവമായി പ്രഖ്യാപിക്കുകയും മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മമാരുടെ ദിനമാക്കുകയും ചെയ്തു. അമേരിക്കയെ പോലെ മിക്ക രാജ്യങ്ങളും മദേഴ്സ് ഡേ വര്‍ഷം തോറും ആഘോഷിക്കുന്നു. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും മദേഴ്സ് ഡേ ആഘോഷം വാണിജ്യവത്ക്കരിക്കപ്പെട്ടിരിക്കുകയാണ്.