തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ്

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ്


തെരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള കൃത്രിമം നടന്നതായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ജനത നല്‍കിയ പിന്തുണയ്ക്ക് ട്രംപ് നന്ദി അറിയിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും ഫലം വരാനിരിക്കുന്ന ജോര്‍ജിയയില്‍ വിജയം സംഭവിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഫ്‌ലോറിഡയിലെയും ടെക്‌സാസിലെയും വിജയത്തില്‍ ട്രംപ് സന്തോഷം രേഖപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മൈക്ക് പെന്‍സും അദ്ദേഹത്തോടൊപ്പം സന്നിഹിതനായിരുന്നു.ഇതോടെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ കോടതി നടപടികളിലേക്ക് എത്തിച്ചേരുമെന്ന് വ്യക്തമായി കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ അന്തിമ ഫലം വൈകും.

238 ഇലക്‌ട്‌റല്‍ വോട്ടുകളാണ് ജോ ബൈഡന്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്. 217 ഇലക്‌ട്‌റല്‍ വോട്ടുകള്‍ ട്രംപും നേടിയിട്ടുണ്ട്. ഒന്‍പതു സംസ്ഥാനങ്ങളുടെ കൂടി ഫലം പുറത്തു വരാനുണ്ട് . ഈ സംസ്ഥാനങ്ങളുടെ ഫലം പുറത്തു വരുന്നതോടെ 101 ഇലക്‌ട്‌റല്‍ വോട്ടുകളുടെ ഫലം വ്യക്തമാകും. ജനകീയ വോട്ടില്‍ 49.8 ശതമാനം ബൈഡനും ട്രംപിന് 48.4 ശതമാനം വോട്ടും നേടിയിട്ടുണ്ട്.