കൊറോണ വാക്‌സിന്‍ അടുത്ത മാസം മനുഷ്യരില്‍ പരീക്ഷിക്കും.

വാക്‌സിന്‍ വിജയകരമായാല്‍ അത് പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവന്‍ എത്തിക്കും.

കൊറോണ വാക്‌സിന്‍ അടുത്ത മാസം മനുഷ്യരില്‍ പരീക്ഷിക്കും.


ന്യൂഡല്‍ഹി: കൊറോണയെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ചെടുക്കുമെന്ന അവകാശവാദവുമായി ഇന്ത്യന്‍ കമ്പനി. വാക്‌സിന്‍ വിജയകരമായാല്‍ അത് പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവന്‍ എത്തിക്കുമെന്നും ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഡ്19 നെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഇറക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണെന്ന് അറിയിച്ചിരിക്കുന്നത്.

കമ്പനി പറയുന്നത് അനുസരിച്ച്‌ അവര്‍ നിലവില്‍ എലികളിലും പ്രൈമേറ്റുകളിലും ഉപയോഗിച്ച്‌ മൃഗങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും അടുത്ത മാസത്തോടെ ഇന്ത്യയില്‍ തന്നെ മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നുമാണ് പറയുന്നത്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് 19നുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ അതിന് പേറ്റന്റ് നല്‍കില്ലെന്നും സെറം ഇന്ത്യ അറിയിച്ചിരിക്കുകയാണ്. വാക്‌സിന്‍ വികസിപ്പിച്ചെടുത്താല്‍ ആര്‍ക്കും നല്‍കാം, നിര്‍മ്മിക്കുകയും ചെയ്യാമെന്നാണ് സെറം അറിയിച്ചിരിക്കുന്നത്. 2021 ഓടെ വാക്‌സിന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതും പേറ്റന്റില്ലാതെ. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും കോവിഡ്19നുള്ള സെറം വാക്‌സിന്‍ എല്ലാവര്‍ക്കും ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലഭ്യമായിരിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാര്‍ പൂനവല്ലയുടെതാണ് വാക്കുകള്‍.

വാക്‌സിന്‍ വികസിപ്പിച്ചാല്‍ തന്നെ ലോകമെങ്ങും അത് എത്തിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗത്തെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പങ്കാളികളാകണം. ഇതിനാല്‍ തന്നെ ഏത് കമ്പനി വാക്‌സിന്‍ വികസിപ്പിച്ചാലും പേറ്റന്റുകള്‍ ഉപയോഗിച്ച്‌ മറച്ചുവെക്കാനാകില്ലെന്ന് അദാര്‍ പൂനവല്ല പറയുന്നു. സെറം ഇന്ത്യ അതിന്റെ വാക്‌സിന്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് പേറ്റന്റ് നല്‍കില്ല.

കൊവിഡ് വാക്‌സിന്‍ പണം സമ്പാദിക്കാനും വാണിജ്യവത്ക്കരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, സെറം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എന്നതിനാല്‍ ഈ തീരുമാനം വേഗം എടുക്കാന്‍ സാധിക്കും. ലിസ്റ്റുചെയ്ത സ്ഥാപനമായിരുന്നെങ്കില്‍ ഈ തീരുമാനം എടുക്കണമെങ്കില്‍ ഓഹരി ഉടമകളുടെ അനുവാദവും എടുക്കേണ്ടി വരുമായിരുന്നുവെന്ന് അദാര്‍ പൂനവല്ല പറയുന്നു.