മുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാകുന്നു; വരന്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ്

ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹിതരാകുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാകുന്നു; വരന്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ്


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു.ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് വരന്‍ . ജൂണ്‍ 15ന് ഇരുവരുടെയും ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹിതരാകുന്നത്.

വിവാഹ റജിസ്ട്രേഷന്‍ നേരത്തെ കഴിഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിവാഹം നീണ്ടു പോകുകയായിരുന്നു. എസ്എഫ്‌ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃപദവിക്ക ശേഷമാണ് അഖിലേന്ത്യ പ്രസിഡന്റാകുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ ഐടി സംരഭകയും ഉദ്യോഗസ്ഥയുമാണ്.

ഐടി കമ്പനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. 2009ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് റിയാസ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. വീണനേരത്തെ മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. തൊഴിൽ സംബന്ധമായി വീണ ബെംഗളൂരുവിലും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവായിരുന്ന മുഹമ്മദ് റിയാസ് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയാണ്. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്‍റെ സജീവ സാന്നിധ്യമാണ് മുഹമ്മദ് റിയാസ്.