മുറിച്ച തേങ്ങ കേടാകാതിരിക്കാന്‍ ചെയ്യേണ്ടത്.

പല വീട്ടമ്മമാരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തേങ്ങ ചീത്തയാവുന്നത്.

മുറിച്ച തേങ്ങ കേടാകാതിരിക്കാന്‍ ചെയ്യേണ്ടത്.


പല വീട്ടമ്മമാരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തേങ്ങ ചീത്തയാവുന്നത്. മുറിച്ച തേങ്ങ ചീത്തയാവാതെ സൂക്ഷിക്കാന്‍ പലപ്പോഴും പാടാണ്. തേങ്ങ മുറിച്ച്‌ വെച്ച്‌ അല്‍പസമയം കഴിഞ്ഞാല്‍ തന്നെ അതിന്റെ നിറം മാറുന്നു. ഇത് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നു. പിന്നീട് ആ തേങ്ങ കളയാന്‍ മാത്രമേ പറ്റുകയുള്ളൂ. 

* മുറിച്ച തേങ്ങാ കേടുകൂടാതെ സൂക്ഷിക്കാന്‍ വിനാഗിരിയോ ഉപ്പുപൊടിയോ പുരട്ടിവയ്ക്കുക.

* തേങ്ങാമുറി തണുത്ത വെള്ളത്തില്‍ ഇട്ടു വച്ചാല്‍ അവ പെട്ടെന്നു കേടാകുകയില്ല.

* കറിക്ക് തേങ്ങാപ്പീര പിഴിയുമ്പോള്‍ നല്ലവണ്ണം പാലു കിട്ടുന്നതിന് അല്‍പം ഉപ്പുകൂടി ചേര്‍ക്കുക.

* തേങ്ങ ആവശ്യം കഴിഞ്ഞു ബാക്കിയുണ്ടെങ്കില്‍ ചിരട്ടയോടെ ഉപ്പുവെള്ളത്തില്‍ മുക്കി കമഴ്ത്തിവച്ചാല്‍ നിറം മാറില്ല.

* തേങ്ങാ പൊട്ടിച്ചാലുടന്‍ കണ്ണുള്ള ഭാഗം (മുറി) ആദ്യം ഉപയോഗിക്കുക. കണ്ണുള്ള മുറിഭാഗമാണ് പെട്ടെന്നു കേടുവരുന്നത്.

* കൂടുതല്‍ ഉണങ്ങിയ തേങ്ങ പൊട്ടിക്കുമ്പോള്‍ ചിരട്ടയില്‍ നിന്ന് അടര്‍ന്നുപോകാതിരിക്കാന്‍ പൊട്ടിക്കുന്നതിനു മുന്‍പ് ഒന്നുരണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക.

* തേങ്ങാ കുറച്ചു സമയം വെള്ളത്തിലിട്ടു വച്ച ശേഷം പൊട്ടിച്ചാല്‍ നേര്‍പകുതിയായി പൊട്ടിവരും.

* കണ്ണിന്‍റെ മുകളില്‍ നനവുള്ള തേങ്ങ കേടുവന്നതായിരിക്കും. നല്ല കനമുള്ളതും എന്നാല്‍ കുലുങ്ങാത്തതുമായ തേങ്ങ മൂപ്പു കുറഞ്ഞതായിരിക്കും.

* തേങ്ങാ കേടാകാതിരിക്കാന്‍ തേങ്ങയുടെ കണ്ണിനു മുകളിലുള്ള ചകിരി നിറുത്തി പൊതിക്കുക. 

* തേങ്ങയുടെ കണ്ണൂള്ള ഭാഗം മേല്‍പ്പോട്ടാക്കി വച്ചിരുന്നാല്‍ തേങ്ങാ ഏറെനാള്‍ കേടുകൂടാതിരിക്കും.