ആറാട്ടുപുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

ആറാട്ടുപുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു


കായംകുളം ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന എന്ന യുവതി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളോട് പ്രണയം നടിക്കുകയും അവരെ ശാരീരികമായി ഉപയോഗിച്ചശേഷം വിവാഹംകഴിക്കാതെ പിന്‍മാറുകയും ചെയ്യുന്ന സംഭവം ആവര്‍ത്തിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ വളരെ ഗൗരവതരമായാണ് കമ്മിഷന്‍ കാണുന്നതെന്ന് അംഗം അഡ്വ. എം.എസ്. താര പറഞ്ഞു.

കൊല്ലം കൊട്ടിയത്തും സമാനമായ രീതിയില്‍ റംസിയെന്ന പെണ്‍കുട്ടിയും ആത്മഹത്യചെയ്യുകയുണ്ടായി. ആണ്‍പെണ്‍ സൗഹൃദങ്ങളില്‍ പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അത് ചൂഷണമായി മാറാതിരിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം ഇത്തരം സൗഹൃദങ്ങളില്‍പ്പെടുന്നവര്‍ മറക്കരുത്. ഇത്തരം കാര്യങ്ങളില്‍ സ്‌കൂള്‍, കോളജ് തലങ്ങളില്‍ കൗമാരപ്രായക്കാര്‍ക്കുള്ള കൗണ്‍സിലിംഗ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും ഇത് വിരല്‍ചൂണ്ടുകയാണ്. സ്‌കൂള്‍ കോളജ് തലങ്ങളില്‍ വിദ്യാര്‍ഥിനികളുടെ ഇത്തരം പ്രശ്നങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സുഹൃത്തുക്കളും രക്ഷാകര്‍ത്താക്കളും അധ്യാപകരും പ്രശ്‌നങ്ങള്‍ ദുരന്തത്തില്‍ കലാശിക്കുന്നതിനുമുമ്പ് നിലവിലുള്ള നിയമസംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള സാമൂഹിക ഉത്തരവാദിത്തം കൂടി കാണിക്കണമെന്നും കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര പറഞ്ഞു.