ഭൂമിയെ രക്ഷിക്കണം; ഭീഷണിയാകുംവിധം എത്തുന്ന ആകാശവസ്തുകൾ..

ബഹിരാകാശ വസ്തുക്കളുടെ ഭീഷണികളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ കഴിയുമോ എന്നറിയാൻ നാസയും ഇഎസ്‌എയും പരീക്ഷണം തുടങ്ങുകയാണ് ...

ഭൂമിയെ രക്ഷിക്കണം; ഭീഷണിയാകുംവിധം എത്തുന്ന ആകാശവസ്തുകൾ..ഭൂമിയിലേക്കു വന്നു പതിച്ച പടുകൂറ്റൻ ഉൽക്കയാണ് ദിനോസർ വംശത്തെയാകെ ഇല്ലാതാക്കിയത്. എന്നാല്‍ മനുഷ്യനെ അത്തരമൊരു പേടി ഇതുവരെ പിടികൂടിയിട്ടില്ല. ഈയടുത്ത കാലത്തോ, ഒരുപക്ഷേ ഈ നൂറ്റാണ്ടിലോ പോലും ഭൂമിക്കു നേരെ ഛിന്നഗ്രഹങ്ങളുടെയോ ഉൽക്കയുടെയോ ആക്രമണമുണ്ടാകില്ലെന്നാണു ഗവേഷകർ പറയുന്നത്. ഭൂമിക്കു സമീപത്തേക്ക് ഭീഷണിയാകും വിധം എത്തുന്ന ആകാശവസ്തുക്കളെ (നിയർ ഏർത്ത് ഒബ്ജക്ട്സ്–എൻഇഒ) കണ്ടെത്താൻ വൻ നിരീക്ഷണ സംവിധാനമാണ് നാസ ഉൾപ്പെടെ തയാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും നാസയെ വരെ ഞെട്ടിച്ചു കൊണ്ട് പല വസ്തുക്കളും ഭൂമിയുടെ തൊട്ടരികിലൂടെ കടന്നു പോയിട്ടുണ്ട്. അതും അവസാനനിമിഷം വരെ ഒരു ടെലസ്കോപ്പിന്റെ പോലും കണ്ണിൽപ്പെടാതെ. അത്തരമൊരു അവസ്ഥ വന്നാൽ എന്തു സംഭവിക്കും? ഇതിനുള്ള വഴി തേടുകയാണ് നാസയും ഇഎസ്എയും. ബഹിരാകാശ വസ്തുക്കളുടെ ഭീഷണികളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ കഴിയുമോ എന്നറിയാൻ നാസയും ഇഎസ്‌എയും ഒടുവിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ശാസ്ത്രജ്ഞർക്ക് പോലും ഉറപ്പില്ല.
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വമ്പനൊരു ഉൽക്ക ഭൂമിക്കു നേരെ വന്നാൽ അതിനെ തകർക്കാനുള്ള ആണവ വഴികളും ഗവേഷകർ അന്വേഷിക്കുന്നുണ്ട്. അതായത്, ബഹിരാകാശത്തു വച്ചു തന്നെ ഉൽക്കകളിലേക്കോ ഛിന്നഗ്രഹങ്ങളിലേക്കോ ഒരു അണ്വായുധം ഇടിച്ചു കയറ്റി സ്ഫോടനം നടത്തി തകർക്കുക. ഇത്തരത്തിൽ അണ്വായുധത്തെ വഹിച്ചു കൊണ്ടുപോകാനുള്ള പേടകത്തിനും രൂപം നൽകുകയാണ് ഗവേഷകരിപ്പോൾ. 
കൈനറ്റിക് ഇംപാക്ടർ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളെ തകർക്കാൻ സാധിക്കും. ശാസ്ത്രം നിർദേശിക്കുന്ന മികച്ച മാർഗവും ഇതു തന്നെയാണ്. വലുപ്പമേറിയ പേടകങ്ങൾ ഛിന്നഗ്രഹത്തിനു നേരെ അയച്ച് അവയുമായി കൂട്ടിയിടിപ്പിച്ച് വഴിമാറ്റി വിടുന്ന രീതിയാണിത്. എന്നാൽ അപ്രതീക്ഷിതമായെത്തുന്ന ഭീഷണികൾക്കു മുന്നിൽ ഇതു വിലപ്പോകില്ല. അത്തരം ഘട്ടത്തിലാണ് അണ്വായുധ പ്രയോഗം വേണ്ടി വരിക. ഈ അടിയന്തര ഘട്ടങ്ങൾക്കു വേണ്ടി നാസ തയാറാക്കിയ പേടകത്തിനു നൽകിയിരിക്കുന്ന പേരാണ് ഹാമ്മെർ– ഹൈപർവെലോസിറ്റി ആസ്റ്ററോയ്ഡ് മിറ്റിഗേഷൻ മിഷൻ ഫോർ എമർജൻസി റെസ്പോൺസ്. 8.8 ടണ്ണാണ് ഇതിന്റെ ഭാരം. ഒരു ചെറിയ ഛിന്നഗ്രഹത്തെയോ ഉൽക്കയെയോ അണ്വായുധം ഉപയോഗിച്ച് തകർക്കാനുള്ള ശേഷിയുണ്ട് ഈ പേടകത്തിന്.